ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്ക്, മുടക്കേണ്ടത് 44,645 കോടി
ഇലോണ്‍ മസ്‌കിന്റെ പിതാവായ എറോള്‍ മസ്‌ക് പണ്ടൊരു അഭിമുഖത്തില്‍ ലിവര്‍പൂള്‍ ക്ലബിനെ സ്വന്തമാക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു. അമേരിക്കന്‍ വന്‍കിട ഗ്രൂപ്പായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് നിലവില്‍ ലിവര്‍പൂളിന്റെ മുഖ്യ ഓഹരിയുടമകള്‍. 2010ലായിരുന്നു ഗ്രൂപ്പ് ക്ലബിനെ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ട്രോഫിയിലും ടീം ജേതാക്കളായത്. ഇത്തവണയും 2 ടൂര്‍ണമെന്റുകളിലും ലിവര്‍പൂള്‍ മുന്‍നിരയിലുണ്ട്.
ഫോര്‍ബ്‌സ് മാസികയുടെ 2024ലെ കണക്കുകള്‍ പ്രകാരം ലിവര്‍പൂള്‍ ക്ലബിന് 44,645 കോടി വിപണി മൂല്യമുണ്ട്. 2010ല്‍ ഫെന്‍വേ ക്ലബിനെ വാങ്ങിയത് 3000 കോടി രൂപയ്ക്കായിരുന്നു. മികച്ച താരങ്ങളും പ്രകടനങ്ങളും കൊണ്ട് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പതിനഞ്ച് ഇരട്ടിയോളം വിപണിമൂല്യമാണ് ക്ലബിനുണ്ടായത്. നിലവില്‍ 36 ലക്ഷം കോടിയുടെ ആസ്തിയാണ് ഇലോണ്‍ മസ്‌കിനുള്ളത്. അതിനാല്‍ തന്നെ ഇത്രയും തുക മുടക്കുക എന്നത് മസ്‌കിന് പ്രയാസകരമാകില്ല. 1892ല്‍ സ്ഥാപിതമായ ലിവര്‍പൂള്‍ ക്ലബ് ഒട്ടേറെ ഫുട്‌ബോള്‍ ചരിത്രമുള്ള ക്ലബാണ്.