Shashank Singh: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യറിനു മൂന്ന് റണ്‍സ് അകലെയാണ് സെഞ്ചുറി നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. ശ്രേയസ് 42 പന്തില്‍ 97 റണ്‍സും ശശാങ്ക് സിങ് 16 പന്തില്‍ 44 റണ്‍സും നേടി പുറത്താകാതെ നിന്നു.
ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടാതിരിക്കാന്‍ പ്രധാന കാരണം അവസാന ഓവറില്‍ സ്‌ട്രൈക്ക് ലഭിക്കാതിരുന്നതാണ്. ഗുജറാത്ത് ബൗളര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ എല്ലാ പന്തുകളും നേരിട്ടത് ശശാങ്ക് സിങ് ആണ്. ഈ ഓവറില്‍ അഞ്ച് ഫോര്‍ അടക്കം ശശാങ്ക് നേടിയത് 22 റണ്‍സ്. ശ്രേയസിനു ഒരു ബോളെങ്കിലും സ്‌ട്രൈക്ക് കൊടുത്തിരുന്നെങ്കില്‍ സെഞ്ചുറി നേടാമായിരുന്നെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ശശാങ്കിനോടു പറയുന്നത്. ഇതിനുള്ള മറുപടി ശശാങ്ക് തന്നെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ നല്‍കി. തന്റെ സെഞ്ചുറിക്കു വേണ്ടി കളിക്കേണ്ടതില്ലെന്ന് ശ്രേയസ് തന്നോടു പറഞ്ഞെന്ന് ശശാങ്ക് വെളിപ്പെടുത്തി.
' ആദ്യ ബോള്‍ മുതല്‍ ശ്രേയസ് പറഞ്ഞത് 'എന്റെ സെഞ്ചുറി നോക്കേണ്ട' എന്നാണ്. 'നിന്റെ ഷോട്ടുകള്‍ കളിക്കൂ, കളി നന്നായി ഫിനിഷ് ചെയ്യൂ' എന്നും ശ്രേയസ് പറഞ്ഞിരുന്നു,' ശശാങ്ക് സിങ് വെളിപ്പെടുത്തി.
അതേസമയം ശ്രേയസിന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്നു നേടിയത്. ആദ്യ 27 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ പഞ്ചാബ് നായകന്‍ പിന്നീട് 97 ല്‍ എത്തിയത് വെറും 15 പന്തുകള്‍ മാത്രം നേരിട്ടാണ്. ഇന്നത്തെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ട്വന്റി 20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് നേടുന്ന താരമാകാനും ശ്രേയസിനു സാധിച്ചു.