Royal Challengers Bengaluru vs Kolkata Knight Riders: ഐപിഎല്‍ 2025 സീസണു ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും അടങ്ങുന്ന സ്പിന്‍ നിരയ്ക്കു മുന്നില്‍ ആര്‍സിബി പിടിച്ചുനില്‍ക്കുമോ എന്നറിയാനാണ് ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ്. മറുവശത്ത് ആര്‍സിബിയുടെ സ്പിന്‍ യൂണിറ്റ് ദുര്‍ബലമാണ്. ഇരു ടീമുകളും ഐപിഎല്ലില്‍ 34 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 20 കളിയും ജയിച്ചത് കൊല്‍ക്കത്ത, ആര്‍സിബി ജയിച്ചിരിക്കുന്നത് 14 കളികളില്‍ മാത്രം.