Royal Challengers Bengaluru: 2025 ഐപിഎല്ലിനു മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസി തീരുമാനത്തിലെത്തിയതായി സൂചന. ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ ആര്‍സിബി റിലീസ് ചെയ്യും. വിരാട് കോലി ആര്‍സിബിയില്‍ തന്നെ തുടരും.
252 മത്സരങ്ങളില്‍ നിന്ന് 131.97 സ്‌ട്രൈക് റേറ്റും 38.67 ശരാശരിയുമായി ഐപിഎല്ലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് കോലി. 2024 ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കോലി തന്നെ. ആര്‍സിബിയില്‍ കളിച്ചുകൊണ്ട് തന്നെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാണ് കോലിക്കും താല്‍പര്യം. അതുകൊണ്ട് ആര്‍സിബി മാനേജ്‌മെന്റ് കോലിയെ നിലനിര്‍ത്തും.
വിരാട് കോലി കഴിഞ്ഞാല്‍ ആര്‍സിബി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മറ്റൊരു താരം ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ്. കഴിഞ്ഞ സീസണില്‍ വെറും എട്ട് മത്സരങ്ങളില്‍ നിന്ന് 175.57 സ്‌ട്രൈക് റേറ്റില്‍ 230 റണ്‍സാണ് വില്‍ ജാക്‌സ് ആര്‍സിബിക്കായി നേടിയത്. ഓഫ് സ്പിന്നര്‍ കൂടിയായ ജാക്‌സ് ബൗളിങ്ങിലും തിളങ്ങിയിരുന്നു. വെറും 25 വയസ് മാത്രമാണ് ജാക്‌സിന്റെ പ്രായം. ഭാവിയിലേക്കുള്ള താരമെന്ന നിലയിലാണ് ആര്‍സിബി ജാക്‌സിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനേയും ആര്‍സിബി നിലനിര്‍ത്തിയേക്കും. ഐപിഎല്ലില്‍ 93 മത്സരങ്ങളില്‍ 8.65 ഇക്കോണമിയില്‍ സിറാജ് 93 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. സിറാജിനെ നിലനിര്‍ത്തണമെന്ന് കോലിയും മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതായാണ് വിവരം. രജത് പട്ടീദാര്‍, അണ്‍ക്യാപ്ഡ് താരമായി യാഷ് ദയാല്‍ എന്നിവരേയും ആര്‍സിബി നിലനിര്‍ത്തിയേക്കും.