Riyan Parag : പരാഗിന്റെ സമയം തെളിഞ്ഞോ? ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കും താരം പരിഗണനയില്‍

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (20:18 IST)
Riyan Parag
ഐപിഎല്ലിലെ മത്സരങ്ങള്‍ പുരോഗമിക്കും തോറും ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ആരെല്ലാമാകും ഉള്‍പ്പെടുക എന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ തിരിച്ചെത്തിയതോടെ പല യുവതാരങ്ങള്‍ക്കും ലോകകപ്പ് ടീമില്‍ അവസരം ലഭിക്കില്ല എന്നത് ഉറപ്പാണ്. കോലിയും രോഹിത്തും എത്തുന്നതോടെ ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍,റിങ്കു സിംഗ് എന്നിവരുടെ കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരായിരിക്കണമെന്നതാണ് ഇന്ത്യന്‍ സെലക്ടര്‍മാരെ വലയ്ക്കുന്നത്.
 
ഫോം നഷ്ടപ്പെട്ടതോടെ യശ്വസി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുമെന്നാണ് സൂചന. കോലിയും രോഹിത്തുമാകും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുക എന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലിയും രോഹിത്തും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ മൂന്നാമനായോ ബാക്കപ്പ് ഓപ്പണറായോ ആകും ഗില്ലിനെ ടീമിലെടുക്കുക. അതേസമയം ബൗളിംഗില്‍ മികവ് തെളിയിക്കാനായില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കില്ല. ഓള്‍ റൗണ്ടറായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്.
 
രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തുന്ന റിയാന്‍ പരാഗിനെ ടീമിലേക്ക് വിളിക്കുന്നതിനെ പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ താരങ്ങളില്‍ റിഷഭ് പന്തിന് തന്നെയാണ് സെലക്ടര്‍മാര്‍ പ്രധാന പരിഗണന നല്‍കുന്നത്. രണ്ടാമനായി സഞ്ജുവും പരിഗണനയിലുണ്ട്. ജൂണില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ടീം മെയിലാകും പ്രഖ്യാപിക്കുക. ഐപിഎല്‍ കഴിഞ്ഞ് 6 ദിവസങ്ങളുടെ ഇടവേളയിലാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article