ടൂര്‍ണമെന്റിലെ സാധ്യതകളുടെ പട്ടികയെടുത്താല്‍ മറ്റുള്ള ടീമുകള്‍ക്കെല്ലാം നിശ്ചിത മാച്ചുകളില്‍ ഇത്ര വിജയം എന്നത് മതിയായിരുന്നുവെങ്കില്‍ ആര്‍സിബിയുടെ സാധ്യതകള്‍ തങ്ങളുടെ മാത്രം വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. ആര്‍സിബി എല്ലാ മത്സരങ്ങളിലും വിജയിക്കുകയും മറ്റുള്ള ടീമുകളുടെ പ്രകടനവും യോജിച്ച് വരണമായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള മത്സരങ്ങള്‍ പ്ലേ ഓഫിന് വേണ്ടിയല്ല തങ്ങളുടെ അഭിമാനം വീണ്ടെടുക്കാന്‍ വേണ്ടിയാണെന്നാണ് ലീഗിലെ ഒരു മത്സരത്തിന് ശേഷം വിരാട് കോലി അഭിപ്രായപ്പെട്ടത്.
അതെത്രമാത്രം ശരിയാണ് എന്ന കാര്യം പിന്നീടുള്ള മത്സരങ്ങള്‍ തെളിയിച്ചു. സ്പിന്‍ ബാഷറായി രജത് പാട്ടീധാര്‍ വന്നതോടെ 20 പന്തില്‍ 50 എന്ന കാര്യം പതിവായി. രജത്തിന്റെ ഈ ക്വിക് കാമിയോകള്‍ വലിയ രീതിയിലാണ് ആര്‍സിബിയെ സഹായിച്ചത്. പതിവ് പോലെ കോലി എല്ലാ കളികളിലും തിളങ്ങിയപ്പോള്‍ വില്‍ ജാക്‌സ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ചെന്നൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ ആര്‍സിബിയുടെ ഹിറ്റര്‍ വില്‍ ജാക്‌സ് ഇല്ലായിരുന്നെങ്കിലും സീസണില്‍ പാടെ നിറം മങ്ങിയിരുന്ന ഗ്ലെന്‍ മാക്‌സ്വെല്‍ ബാറ്റിംഗില്‍ മികച്ച കാമിയോ പ്രകടനമാണ് നടത്തിയത്.
ആര്‍സിബി സ്‌കോര്‍ 218ലേക്ക് എത്തിക്കുന്നതില്‍ തന്റേതായ സംഭാവന നല്‍കിയ മാക്‌സ്വെല്‍ പന്തെടുത്തപ്പോഴെല്ലാം അത് ടീമിന് വലിയ രീതിയില്‍ ഉപയോഗപ്പെട്ടു. ആര്‍സിബിക്കായി ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയ മാക്‌സ്വെല്ലാണ് ചെന്നൈയുടെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തിയത്. മൊഹമ്മദ് സിറാജ്, യാഷ് ദയാല്‍,ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങി പേസര്‍മാരും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ആദ്യ പകുതിയില്‍ ഒരു ശതമാനം മാത്രം സാധ്യത പ്ലേ ഓഫില്‍ കല്‍പ്പിച്ചിരുന്ന ആര്‍സിബി പ്ലേ ഓഫിലേക്ക്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തിരിച്ചുവരവ്.