Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

അഭിറാം മനോഹർ

ഞായര്‍, 19 മെയ് 2024 (08:59 IST)
Yash Dayal, RCB
2023ലെ ഐപിഎല്‍ സീസണില്‍ ശുഭ്മാന്‍ ഗില്‍ 900നടുത്ത് റണ്‍സ് നേടിയെങ്കിലും ആ സീസണിനെ എന്നും ഓര്‍മയില്‍ നിര്‍ത്തുന്നത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 5 സിക്‌സുകള്‍ നേടിയ കൊല്‍ക്കത്ത ഫിനിഷിംഗ് താരം റിങ്കു സിംഗിന്റെ പ്രകടനമാകും. റിങ്കു സിംഗിന്റെ അവിശ്വസനീയമായ പ്രകടനം വാഴ്ത്തപ്പെട്ടപ്പോള്‍ അവിടെ യാഷ് ദയാലെന്ന ബൗളറുടെ കരിയര്‍ ഏകദേശം തകര്‍ന്നിരുന്നു. 
 
 അവസാന ഓവറില്‍ റിങ്കു താണ്ഡവമാടിയപ്പോള്‍ യാഷ് ദയാല്‍ എന്ന ബൗളര്‍ ഐപിഎല്ലിന്റെ ചിത്രത്തില്‍ നിന്നേ പുറത്തുപോയി. താന്‍ വിട്ടുനല്‍കിയ 5 സിക്‌സുകള്‍ വേട്ടയാടിയപ്പോള്‍ അയാളുടെ മാനസികാവസ്ഥ തന്നെ മോശമായി. സമൂഹമാാധ്യമങ്ങളില്‍ വലിയ രീതിയില്‍ യാഷ് ട്രോള്‍ ചെയ്യപ്പെട്ടു. അതിനാല്‍ തന്നെ 2024 സീസണില്‍ ആര്‍സിബി താരത്തെ സ്വന്തമാക്കിയപ്പോള്‍ അത് പലരുടെയും നെറ്റി ചുളുപ്പിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്രാഷാണ് ആര്‍സിബി വാങ്ങിയതെന്ന് മുന്‍ ഇന്ത്യന്‍ താരം മുരളീ കാര്‍ത്തിക്കിനെ പോലുള്ളവര്‍ വിളിച്ചുപറഞ്ഞെങ്കിലും ആര്‍സിബി കട്ടയ്ക്ക് തന്നെ താരത്തിനൊപ്പം നിന്നു.
 
അവസാനം ബൗളര്‍മാരുടെ പേടിസ്വപ്നമായ ചിന്നസ്വാമിയിലെ ചെന്നൈയ്‌ക്കെതിരെ 17 റണ്‍സ് പ്രതിരോധിക്കണം എന്ന അവസ്ഥയില്‍ അവസാന ഓവര്‍ എറിയാന്‍ അവസരമൊരുങ്ങുന്നത് കഴിഞ്ഞ വര്‍ഷം ഇതേ അവസ്ഥയില്‍ 30 റണ്‍സ് വിട്ടുനല്‍കിയ യാഷ് ദയാലിന് തന്നെ. എന്നാല്‍ അന്ന് നേരിട്ട അപമാനവും അതില്‍ നിന്നും കരകയറാനെടുത്ത ആത്മവിശ്വാസവും ദയാലിനെ വല്ലാതെ തുണച്ചു. ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി ധോനി ദയാലിനെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ചെന്നൈയോട് ഒരു ദയയും ദയാല്‍ കാണിച്ചില്ല. അവസാന 5 പന്തുകളില്‍ നിന്നും വെറും ഒരു റണ്‍സ് മാത്രം വിട്ടുനല്‍കി ധോനിയേയും പുറത്താക്കിയതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക്. അപമാനിക്കപ്പെട്ടവനില്‍ നിന്നും ആര്‍സിബിയുടെ അഭിമാനതാരമായി യാഷ് ദയാലിന്റെ വളര്‍ച്ച. ഒരു നാടോടികഥ പോലെയെന്ന് തോന്നാമെങ്കിലും കാലത്തിന്റെ കാവ്യനീതി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍