Kolkata Knight Riders: ഒറ്റയാള്‍ പ്രകടനങ്ങളില്ല, കൊല്‍ക്കത്ത കപ്പെടുക്കുന്നത് ടീം വര്‍ക്കിന്റെ മികവില്‍, മറ്റ് ടീമുകള്‍ കണ്ടുപഠിക്കണം

അഭിറാം മനോഹർ

ഞായര്‍, 26 മെയ് 2024 (23:15 IST)
KKR, Bowlers,Starc
ബാറ്റര്‍മാര്‍ നിങ്ങളെ ചില മത്സരങ്ങള്‍ വിജയിപ്പിക്കും പക്ഷേ ഒരു ടൂര്‍ണമെന്റ് നിങ്ങള്‍ക്ക് സ്വന്തമാക്കണമെങ്കില്‍ മികച്ച ബൗളര്‍മാര്‍ ഉണ്ടായിരിക്കണം. ക്രിക്കറ്റിലെ കാലങ്ങളായുള്ള ഈ പഴമൊഴി സത്യമാണെന്ന് വീണ്ടും തെളിയിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ്. സീസണിന്റെ ആദ്യപകുതിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നിഴലില്‍ നിശബ്ദമായി നിന്നെങ്കിലും പുലി പതുങ്ങുന്നത് കുതിക്കാനെന്ന പോലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തൊട്ടുമുന്‍പ് കൊല്‍ക്കത്ത ടോപ് ഗിയറിലേക്ക് മാറി.
 
 ടൂര്‍ണമെന്റില്‍ നന്നായി തുടങ്ങിയ രാജസ്ഥാന്‍ നിറം മങ്ങിയപ്പോള്‍ സ്വയം രൂപമെന്തെന്ന് തെളിയിക്കുന്ന കൊല്‍ക്കത്തയെ ആയിരുന്നു പിന്നീട് കണ്ടത്. മറ്റ് ടീമുകളില്‍ നിന്നും കൊല്‍ക്കത്തയെ ഈ സീസണില്‍ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ ടീമെന്ന നിലയിലുള്ള കൊല്‍ക്കത്തയുടെ പ്രകടനങ്ങളാണ്. ഏതാനും ചില താരങ്ങള്‍ തോളിലേറ്റുകയായിരുന്നില്ല കൊല്‍ക്കത്തയെ. സീസണ്‍ മോശമായി തുടങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളില്‍ പുലര്‍ത്തിയത് അസാമാന്യമായ മിടുക്കാണ്. കൊല്‍ക്കത്തയുടെ ബൗളിംഗ് യൂണിറ്റിലെ അഞ്ച് താരങ്ങളാണ് ഈ സീസണില്‍ 15ലേറെ വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
 
വരുണ്‍ ചക്രവര്‍ത്തി,ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍,ആന്ദ്രേ റസല്‍,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ 15+ വിക്കറ്റുകള്‍ സീസണില്‍ കൊല്‍ക്കത്തയ്ക്കായി സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ ആന്ദ്രേ റസല്‍,മിച്ചല്‍ സ്റ്റാര്‍ക്,ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ സുനില്‍ നരെയ്ന്‍ 488 റണ്‍സും 17 വിക്കറ്റുകളും സ്വന്തമാക്കി. പ്ലേ ഓഫ് മത്സരങ്ങളില്‍ ഇല്ലാതിരുന്ന ഫില്‍ സാള്‍ട്ട് 435 റണ്‍സ് കൊല്‍ക്കത്തയ്ക്കായി നേടി. ശ്രേയസ് അയ്യര്‍ 349 റണ്‍സാണ് ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍