മൂന്ന് സീസണില്‍ കൂടി തലയായി ധോണി തുടരും, ക്യാപ്റ്റന്‍സിയില്ലെങ്കില്‍ ശ്രേയസ് ഡല്‍ഹി വിടും, രാഹുലിനെ റാഞ്ചാന്‍ ലക്‌നൗ, സൂര്യകുമാര്‍ യാദവിനെ മുംബൈ ലേലത്തില്‍ വിടും; ഏറ്റവും പുതിയ ഐപിഎല്‍ വാര്‍ത്തകള്‍
ഐപിഎല്‍ മഹാലേലവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മൂന്ന് സീസണില്‍ കൂടി ധോണി തുടരുമെന്ന് ഉറപ്പായി. ധോണിയെ നിലനിര്‍ത്താനാണ് ചെന്നൈ ഫ്രാഞ്ചൈസിയുടെ തീരുമാനം. എന്നാല്‍, നായകസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ധോണിയെ കൂടാതെ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മോയീന്‍ അലി, സാം കറാന്‍ എന്നീ നാല് താരങ്ങളില്‍ മൂന്ന് പേരെ ചെന്നൈ ഫ്രാഞ്ചൈസി നിലനിര്‍ത്തുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നീ ഇന്ത്യന്‍ താരങ്ങളെയായിരിക്കും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുക. കിറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവരെ നിലനിര്‍ത്തുന്ന കാര്യവും ഫ്രാഞ്ചൈസി ആലോചിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ വിടാനാണ് തീരുമാനം. മഹാലേലത്തിലൂടെ വീണ്ടും സൂര്യയെ ടീമിലേക്ക് എത്തിക്കാമെന്ന് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് സ്ഥാനത്ത് റിഷഭ് പന്ത് തുടരും. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യര്‍ ഡല്‍ഹിയില്‍ തുടരില്ല. ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയാണെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാമെന്ന ഉപാധിയാണ് ശ്രേയസ് മുന്നോട്ടുവച്ചത്. എന്നാല്‍, പന്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ഫ്രാഞ്ചൈസി തയ്യാറല്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിരാട് കോലി നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരെയാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെ.എല്‍.രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമെന്ന് ഉറപ്പായി. നായകസ്ഥാനത്ത് രാഹുല്‍ തുടരുന്നതിനോട് ഫ്രാഞ്ചൈസിക്ക് വലിയ താല്‍പര്യമില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലക്‌നൗ ആസ്ഥാനമായി വരുന്ന പുതിയ ഫ്രാഞ്ചൈസിയിലേക്കാണ് രാഹുല്‍ പോകുന്നത്. ലക്‌നൗ ഫ്രാഞ്ചൈസി രാഹുലിന് നായകസ്ഥാനം ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കരീബിയന്‍ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരെ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ താരങ്ങളായി വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍ എന്നിവരില്‍ നിന്ന് രണ്ട് പേരെ നിലനിര്‍ത്തും.
നവംബര്‍ 30 ന് മുന്‍പ് ആരെയെല്ലാം നിലനിര്‍ത്തുന്നുണ്ടെന്ന് വിവിധ ഫ്രാഞ്ചൈസികള്‍ അറിയിക്കണം. ഡിസംബറിലായിരിക്കും മഹാലേലം നടക്കുക.