ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് കോച്ച് കയ്‌റോണ്‍ പൊള്ളാര്‍ഡ്. തോല്‍വിയുടെ പേരില്‍ ഒരു കളിക്കാരനെ മാത്രം കുറ്റം പറയുന്നത് കേട്ട് മടുത്തുവെന്നും ക്രിക്കറ്റ് ഒരു ടീം ഗെയ്മാണെന്നും മത്സരശേഷം പൊള്ളാര്‍ഡ് പറഞ്ഞു. ആത്യന്തികമായി ഇതൊരു ടീം ഗെയിമാണ്. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റം പറയുന്നത് കേട്ട് ഞാന്‍ മടുത്തു.
അടുത്ത ആറാഴ്ച കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ടവനാണവന്‍. അന്ന് അവന് വേണ്ടി എല്ലാവരും കൈയടിക്കും. മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. ഇപ്പോള്‍ അവനെ തിരെഞ്ഞുപിടിച്ച് കുറ്റപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ മാത്രമെ അവനില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാനാകു. പൊള്ളാര്‍ഡ് പറഞ്ഞു. അതേസമയം ചെന്നൈയ്‌ക്കെതിരെ നായകനെന്ന നിലയിലും ബൗളര്‍, ബാറ്റര്‍ എന്ന നിലയിലും ഇന്നലെ ഹാര്‍ദ്ദിക് സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നു. മധ്യഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗികാതിരുന്നതും അവസാന ഓവറില്‍ ധോനിയില്‍ നിന്നും പ്രഹരമേറ്റുവാങ്ങിയതും ഒടുവില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതും ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. ചെന്നൈ ഇന്നിങ്ങ്‌സിലെ അവസാന 4 പന്തുകളില്‍ 20 റണ്‍സാണ് ഹാര്‍ദ്ദിക് വിട്ടുകൊടുത്തത്. ഈ റണ്‍സ് മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.