യോർക്കറുകൾ വൃത്തിക്കെറിയുന്ന ബൗളർക്ക് എന്തിനാണ് ഉപദേശം, ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ച് സെവാഗും ഗവാസ്കറും

ബുധന്‍, 31 മെയ് 2023 (13:33 IST)
ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അസാമാന്യമായ രീതിയില്‍ പന്തെറിഞ്ഞ പേസര്‍ മോഹിത് ശര്‍മയുടെ താളം തെറ്റിച്ചത് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇടപെടലാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. അവസാന നാല് ബോളുകള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരത്തിന്റെ മൊമന്റം നഷ്ടമാക്കി അഞ്ചാം പന്തിന് മുന്‍പ് വെള്ളം കൊടുത്തുവിട്ടത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
ചെന്നൈക്കെതിരെ തന്റെ പദ്ധതികള്‍ പ്രകാരം മനോഹരമായി പന്തെറിഞ്ഞ മോഹിത്തിന്റെ താളം തെറ്റിച്ചത് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയ ഇടപെടലായിരുന്നുവെന്നും വെറും 2 പന്ത് മാത്രം കളിയില്‍ ബാക്കിനില്‍ക്കെ വെള്ളം കൊടുത്തുവിടേണ്ട കാര്യം അജ്ഞാതമാണെന്നും ഗവാസ്‌കര്‍ പറയുന്നു. ഒരു ബൗളര്‍ നല്ല താളത്തില്‍ പന്തെറിയുമ്പോള്‍ അയാളോട് സംസാരിക്കരുത്. അത് അയാളെ മാനസികമായി ബാധിക്കും. വേണമെങ്കില്‍ ദൂരെ നിന്നും പറയാം ബൗളര്‍ക്കരികിലെത്തി സംസാരിക്കുന്നത് ശരിയായ രീതിയല്ല. ഗവാസ്‌കര്‍ പറഞ്ഞു.
 
അതേസമയം മുന്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗും മോഹിത്തിനടുത്തെത്തി സംസാരിച്ച ഹാര്‍ദ്ദിക്കിന്റെ നടപടിയെ വിമര്‍ശിച്ചു. 2 പന്തില്‍ 10 റണ്‍സ് വേണമെന്ന കാര്യം മറ്റാരെക്കാളും മോഹിത്തിന് അറിയാമായിരുന്നു. അതിനാല്‍ യോര്‍ക്കര്‍ ലൈനില്‍ തന്നെയാകും അയാള്‍ പന്തെറിയാന്‍ ശ്രമിക്കുക. പിന്നെ എന്ത് ഉപദേശമാണ് അയാള്‍ക്ക് കൊടുക്കാനുള്ളത്. തൊട്ടുമുന്‍പുള്ള പന്ത് മോഹിത് ബൗണ്ടറി അടിച്ചിരുന്നെങ്കില്‍ ഉപദേശിക്കുന്നതില്‍ ഒരു യുക്തിയുണ്ടായിരുന്നു. സെവാഗ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍