MS Dhoni: ധോനിയെ ഒരിക്കലും ചെന്നൈ ഇമ്പാക്ട് പ്ലെയറായി കളിപ്പിക്കില്ല: കാരണം വ്യക്തമാക്കി സെവാഗ്

തിങ്കള്‍, 29 മെയ് 2023 (15:43 IST)
ഐപിഎല്ലില്‍ അഞ്ചാം കിരീടം ചെന്നൈയ്ക്ക് നേടികൊടുത്ത് ചെന്നൈ നായകന്‍ എം എസ് ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. വിരമിക്കല്‍ സസ്‌പെന്‍സ് ഇതുവരെയും പുറത്തുവിട്ടിട്ടില്ലെങ്കിലും 41കാരനായ താരം അധികകാലം സജീവ ക്രിക്കറ്റില്‍ തുടരില്ലെന്ന് ഉറപ്പാണ്. ചെന്നൈയ്ക്ക് കിരീടവിജയം നേടികൊടുത്തുള്ള തിളക്കത്തില്‍ ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണെന്ന് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ കരുതുന്നു.
 
എന്നാല്‍ ക്രിക്കറ്റില്‍ തുടരുമെന്ന സൂചനയാണ് ധോനിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതരും നല്‍കുന്നത്. ഐപിഎല്ലില്‍ ഇമ്പാക്ട് പ്ലെയര്‍ നിയമം വന്നതിനാല്‍ ധോനിക്ക് കൂടുതല്‍ സീസണുകളില്‍ കളിക്കാന്‍ അവസരമൊരുങ്ങുമെന്ന് മുന്‍ ചെന്നൈ താരമായ ഡ്വയ്ന്‍ ബ്രാവോ പറയുന്നു. എന്നാല്‍ അടുത്ത സീസണില്‍ ധോനി ചെന്നൈയ്ക്കായി കളിക്കുകയാണെങ്കില്‍ അതൊരിക്കലും ഇമ്പാക്ട് പ്ലെയറായി ആയിരിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് പറയുന്നു.
 
ധോനിയെ ചെന്നൈ കളിപ്പിക്കുമെങ്കില്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണെന്ന് സെവാഗ് ക്രിക് ബസിനോട് പറയുന്നു. ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളും കളിച്ച ധോനി ഇതുവരെ കളിച്ചത് 4050 പന്തുകള്‍ മാത്രമാണ്. ആരോഗ്യം അനുവദിക്കുമെങ്കില്‍ 42ആം വയസിലും അടുത്ത ഐപിഎല്ലില്‍ ധോനിക്ക് കളിക്കാം. അതൊരിക്കലും ഇമ്പാക്ട് പ്ലെയര്‍ എന്ന നിലയില്‍ ആയിരിക്കില്ല. നായകനെന്ന നിലയില്‍ മാത്രം ടീമില്‍ തുടരുന്ന ധോനി ഫീല്‍ഡിംഗ് സമയത്തെ 20 ഓവറുകളും ഫീല്‍ഡില്‍ തുടരേണ്ടതുണ്ട്. ഇമ്പാക്ട് പ്ലെയര്‍ക്ക് അതിന് സാധിക്കില്ല. സെവാഗ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍