'ഇതൊക്കെ എന്ത് തന്ത്രമാണ്'; രാജസ്ഥാന്‍ റോയല്‍സ് നായകനെതിരെ രൂക്ഷ വിമര്‍ശനം, ചെയ്തതെല്ലാം മണ്ടത്തരങ്ങളെന്ന് പ്രമുഖര്‍

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (12:45 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് ആരാധകരും പ്രമുഖ താരങ്ങളും. ദിനേശ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്ന സമയത്ത് സഞ്ജു നടത്തിയ ഫീല്‍ഡ് പ്ലേസ്‌മെന്റ് എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നെന്ന് സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും കുറ്റപ്പെടുത്തി. 
 
14-ാം ഓവറില്‍ അശ്വിനാണ് കാര്യങ്ങള്‍ തകിടംമറിച്ചത്. ആ സമയത്ത് ദിനേശ് കാര്‍ത്തിക്ക് ക്രീസില്‍ എത്തിയിട്ടേയുള്ളൂ. ആ ഓവറിലെ നോ ബോള്‍ കാര്‍ത്തിക്കിന് മൊമന്റം നല്‍കി. കാര്‍ത്തിക്ക് ട്രാക്കിലേക്ക് എത്തി. അശ്വിന്റെ ഓവറിന് ശേഷം യുസ്വേന്ദ്ര ചഹലിനായിരുന്നു പന്ത് നല്‍കേണ്ടിയിരുന്നത്. പക്ഷേ, അനുഭവസമ്പത്ത് ഏറെ കുറവുള്ള നവ്ദീപ് സൈനിക്ക് സഞ്ജു ബോള്‍ നല്‍കി. 15-ാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്തു. അതോടെ കളിയുടെ ഗതി പൂര്‍ണമായും മാറി. ഫീല്‍ഡിന് അനുസരിച്ചല്ല രാജസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഫൈന്‍-ലെഗില്‍ അടിച്ചുകളിക്കുമ്പോള്‍ ഫീല്‍ഡിങ്ങില്‍ തേര്‍ഡ് മാന്‍ ഉണ്ടായിരുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. 
 
കമന്ററി ബോക്‌സില്‍ ഇരുന്നാണ് ഗവാസ്‌കര്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തത്. പ്രസിത് കൃഷ്ണ 19-ാം ഓവര്‍ എറിയാന്‍ വന്നപ്പോള്‍ യാതൊരു മുന്‍കരുതലും എടുത്തില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗിലും ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയിലും വളരെ നന്നായി കളിക്കുന്ന താരമാണ് ദിനേശ് കാര്‍ത്തിക്ക്. അങ്ങനെയൊരാള്‍ ബാറ്റ് ചെയ്യുമ്പോള്‍ യാതൊരു മുന്‍കരുതലും ഫീല്‍ഡില്‍ ഒരുക്കാതെയാണ് പ്രസിത് കൃഷ്ണയ്ക്ക് പന്ത് കൊടുത്തത്. ഇതിന് സഞ്ജു മറുപടി പറഞ്ഞേ തീരൂ. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടണം. ദിനേശ് കാര്‍ത്തിക്കിനെ പോലൊരാള്‍ക്ക് ഏറ്റവും ഈസിയായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഒരു ഫീല്‍ഡര്‍ പോലും ഇല്ലായിരുന്നെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article