സഞ്ജു ചെയ്തത് കണ്ട് അന്തംവിട്ട് കോലി; ഗംഭീരമെന്ന് ആരാധകര്‍ (വീഡിയോ)

ബുധന്‍, 6 ഏപ്രില്‍ 2022 (09:15 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആരാധകരെ ത്രസിപ്പിച്ച നിമിഷമായിരുന്നു വിരാട് കോലിയുടെ വിക്കറ്റ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണ് കോലിയുടെ വിക്കറ്റില്‍ നിര്‍ണായക പങ്കുവഹിച്ചത്. അതൊരു റണ്‍ഔട്ട് ആയിരുന്നു. 
 
ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സിംഗിളിനായി ശ്രമിക്കുന്നതിനിടെയാണ് കോലി റണ്‍ഔട്ട് ആയത്. യുസ്വേന്ദ്ര ചഹലായിരുന്നു ഈ ഓവര്‍ എറിഞ്ഞിരുന്നത്. ഡേവിഡ് വില്ലിയായിരുന്നു ക്രീസില്‍. കോലി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലും. കോലി സിംഗിളിനായി വിളിച്ചെങ്കിലും ഡേവിഡ് വില്ലി വേണ്ട എന്നു പറഞ്ഞു. ഓടിയാല്‍ എത്തില്ലെന്ന് വില്ലിക്ക് ഉറപ്പായിരുന്നു. എന്നാല്‍ കോലി ക്രീസില്‍ നിന്ന് അപ്പോഴേക്കും പുറത്തിറങ്ങി. 
 
അതിവേഗം ഓടിയെത്തി സഞ്ജു പന്ത് കൈക്കലാക്കി. ഗ്ലൗസ് ഊരിയിട്ട് പോയ സഞ്ജു സാംസണ്‍ അധികം സമയം കളയാതെ തന്നെ ഓഫ് ബാലന്‍സില്‍ കൃത്യമായി പന്ത് ത്രോ ചെയ്ത് ചഹലിന്റെ കൈകളില്‍ ഏല്‍പ്പിച്ചു.

Watch Video Here

ചഹല്‍ സമയം കളയാതെ വിക്കറ്റ് പിഴുതെടുത്തു. അപ്പോള്‍ കോലി ക്രീസില്‍ ഉണ്ടായിരുന്നില്ല. സഞ്ജുവിന്റെ അസാധ്യ ടൈമിങ് കണ്ട് കോലി ഞെട്ടിപ്പോയി. ആറ് പന്തില്‍ അഞ്ച് റണ്‍സുമായി കോലി കളംവിട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍