ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ ആവര്‍ത്തിച്ചോ എന്ന സംശയവുമായി ലോക രാജ്യങ്ങള്‍. ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ വൻ തീവ്രതയോടെ ഭൂമി വിറകൊണ്ടതോടെയാണ് സംശയങ്ങള്‍ ബലപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയിലുണ്ടായത്. തുറമുഖ നഗരമായ പോഹാങില്‍ നിന്നും 9.3 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭാവ കേന്ദ്രം. ആദ്യ ഭൂകമ്പത്തിന് ശേഷം 4.3 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളും ഉണ്ടായി. 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളിനെയും പിടിച്ചു കുലുക്കി.
ഇതോടെയാണ് ഭൂമി കുലുക്കത്തിന് പിന്നില്‍ കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണമാണോ എന്ന സശയം ശക്തമായത്. ഭൂമി കുലുങ്ങിയതിന് പിന്നില്‍ ദുരൂഹത ആരോപിച്ച് ദക്ഷിണ കൊറിയയും, അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ നടത്തിയതു മൂലമാകാം ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പം ഉണ്ടായതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.