ഐസിസ്-കെ(ISIS-K) അഥവ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ്(IKSP) എന്നറിയപ്പെടുന്ന ഐസിസിന്റെ ഉപഘടകമായ തീവ്രവാദസംഘടനയാണ് കാബൂളിൽ ഇന്നലെ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും അക്രമാസക്തമായ ഈ തീവ്രവാദ സംഘടന എന്താണെന്നും അവരുടെ പ്രവർത്തനം എങ്ങനെയാണെന്നും മനസിലാക്കാം.
ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിൽ അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ നംഗർഹർ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച തീവ്രവാദ സംഘടനയാണ് ഐഎസ്‌കെപി. അഫ്‌ഗാനിസ്ഥാനിലെ ഖൊരാസൻ കേന്ദ്രമാക്കി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ച് കൊണ്ടാണ് ഇവർ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്.ഇന്നത്തെ പാകിസ്താനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉള്‍പ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസന്‍
അബൂബക്കർ അൽ ബാഗ്‌ദാദിയുടെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് മറ്റ് വിവിധ സംഘടനകളിൽ പെട്ട ആളുകൾ ഈ ഗ്രൂപ്പിൽ എത്തപ്പെടുകയുണ്ടായി. ആദ്യകാലത്തിൽ തെഹ്‌രിക്കെ താലിബാൻ പാകിസ്ഥാനിലെയും താലിബാൻ അഫ്‌ഗാനിലെയും മുൻ നേതാക്കളായിരുന്നു ഈ ഗ്രൂപ്പിനെ നയിച്ചിരുന്നത്. കൂടാതെ ലഷ്‌ഖർ ഇ ത്വയിബ,ജമാഅത് ഉദ് ദവാ, ഹഖാനി നെറ്റ്‌വർക്ക് എന്നീ സംഘടനകളിൽ നിന്നും ആളുകളെ ആകർഷിക്കാൻ ഐഎസ്‌കെപിയ്ക്ക് സാധിച്ചു.
താലിബാനിൽ നിന്നും വ്യത്യസ്‌തമായി ലോകമെങ്ങും ഇസ്ലാമിക ഭരണം കൊണ്ടുവരിക എന്നതാണ് ഐഎസ്‌കെപി ലക്ഷ്യമിടുന്നത്. ഐസിസിന്റെ ആഗോള ശൃംഖലയുടെ ഭാഗമായി അന്തർദേശിയ തലത്തിലും ആക്രമണങ്ങൾ ഈ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. താലിബാന്റെ പ്രവർത്തികളിൽ തീവ്രത പോര എന്ന് ബോധ്യമുള്ളവരും മറ്റ് തീവ്രവാദ സംഘടനകളിൽ ഇതേ വികാരം ഉള്ളവരും അവസാനം എത്ത്പ്പെടുന്നത് ഐസിസിന്റെ ഈ ഗ്രൂപ്പിലേക്കാണ്.
അതേസമയം അഫ്‌ഗാനിൽ സമായമായ പ്രവർത്തനങ്ങളുമായി രണ്ട് ഗ്രൂപ്പുകൾ വേണ്ട എന്നതിനാൽ എതിരാളികളായാണ് ഐഎസ്‌കെപിയെ താലിബാൻ കാണുന്നത്. 2015-16 സമയത്ത് അമേരിക്കൻ സഖ്യകക്ഷികൾ ഇറാഖിലെയും സിറിയയിലെഉം ഐസിസ് കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിച്ചതോടെയാണ് ഐസിസിന്റെ ഒരു ഘടകം അഫ്ഗാനിലും പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.
മേഖലയിൽ തങ്ങളുടെ ആധിപത്യം ഐസിസ് അഫ്‌ഗാനിസ്ഥാൻ ഇല്ലാതാക്കുമെന്ന് ഭയം താലിബാനുണ്ട്. താലിബാൻ ദേശീയപരമായി ഇസ്ലാമിക രാഷ്ട്രം നിർമിക്കണമെന്ന ആശയം കൊണ്ടുനടക്കുമ്പോൾ ലോകമെങ്ങും ഇസ്ലാമിക ഭരണമാണ് ഐസിസ് അഫ്‌ഗാന്റെ ലക്ഷ്യം. അതിനാൽ തന്നെ പല താലിബാൻ നേതാക്കളും പിൻകാലത്ത് ഐസിസ്‌ലേക്കും എത്തപ്പെടുന്നു.
താലിബാൻ കാബൂളിലെ ജയിലുകൾ സ്വതന്ത്രമാക്കിയപ്പോൾ ഖൊരാസൻ ആയുദ്ധധാരികളായ പലരെയും അവർ കൊന്നൊടുക്കിയിരുന്നു. 2017ൽ ഐഎസ്‌കെപി കേന്ദ്രങ്ങളിൽ ട്രംപ് ബോംബ് ആക്രമണം നടത്തിയെങ്കിലും താലിബാനും യുഎസുമായുള്ള യുദ്ധങ്ങൾക്കിടെ ഐഎസ്‌കെപിക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു.
അതേസമയം ഇന്ത്യ ഏറ്റവുമധികം ഭയപ്പെടുന്ന അഫ്ഗാനിലെ ഹഖാനി നെറ്റ്‌വർക്കാണ് താലിബാനും ഐഎസ്എപിക്കും ഇടയിൽ മൂന്നാം കക്ഷിയായി പ്രവർത്തിക്കുന്നത്. ഐഎസ്‌കെപിയുമായി അടുത്ത ബന്ധമാണ് ഹഖാനി ഗ്രൂപ്പ് പുലർത്തുന്നത്. കാബൂളിലെ സുരക്ഷാ ചുമതല ഇപ്പോൾ വഹിക്കുന്നത് ഖലീൽ ഹഖാനിയാണ്.
അക്രമങ്ങളിൽ നിന്ന് ചർച്ചകളിലേക്ക് തിരിയുന്ന താലിബാന്റെ നയത്തിനെതിരെയാണ് ഐഎസ്‌കെപി ഉള്ളത്. അതിനാൽ തന്നെ താലിബാൻ സർക്കാരിന്റെ കീഴിലുള്ള അഫ്‌ഗാന് കടുത്ത വെല്ലുവിളിയാവും ഐഎസ്‌കെപി തീവ്രവാദികൾ ഉയർത്തുന്നത്.