താലിബാനോടുള്ള നിലപാട് പ്രഖ്യാപിക്കാതെ കേന്ദ്രം, കാത്തിരിക്കേണ്ടിയിരിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി

വ്യാഴം, 26 ഓഗസ്റ്റ് 2021 (18:37 IST)
താലിബാനോടുള്ള നയം കാത്തിരുന്നു സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ദോഹ ധാരണ ലംഘിച്ചാണ് താലിബാൻ കാബൂൾ പിടിച്ചതെന്നും ദില്ലിയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് നിലപാടെടുക്കാൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
 
31 പാർട്ടികളിലെ 47 നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കാര്യമായ ഭിന്നത പ്രകടമായില്ല. മൂന്ന് കാര്യങ്ങളാണ് സർവ്വകക്ഷിയോഗത്തിൽ സർക്കാർ അറിയിച്ചത്. 1. ദോഹ ധാരണ ലംഘിച്ച് സായുധമായി താലിബാൻ കാബൂളിൻറെ നിയന്ത്രണം ഏറ്റെടുത്തു. 2. സമവായത്തിനുള്ള നീക്കങ്ങളിൽ ഇന്ത്യ മാറി നിൽക്കുന്നില്ല, സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ സമ്പർക്കം തുടരുന്നുണ്ട്. 3.സ്ഥിതി സങ്കീർണ്ണമായിരിക്കെ ഇപ്പോൾ താലിബാനോടുള്ള നയം തീരുമാനിക്കാനാവില്ല.
 

We briefed the Floor Leaders of all political parties today on the Afghanistan situation today. Our focus is on evacuation and the government is doing everything to evacuate people: EAM Dr. S Jaishankar pic.twitter.com/21GUrca33L

— ANI (@ANI) August 26, 2021
നിലവിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് 531 പേരെയാണ് ഇന്ത്യ അഫ്‌ഗാനിൽ നിന്ന് തിരിച്ചെത്തിച്ചത്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ താലിബാൻ തടയുകയുണ്ടായി. ഇവരെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല. 10 കിലോമീറ്ററിനുള്ളിൽ 15 ചെക്ക്‌പോസ്റ്റുകളാണ് താലിബാൻ സ്ഥാപിച്ചിട്ടുള്ളത്. 
 
അതേസമയം പ്രധാനമന്ത്രി യോഗം വിളിച്ചുചേർക്കാത്തതിൽ കോൺഗ്രസ് അതൃപ്‌തി പ്രകടിപ്പിച്ചു. ഇനി ഒഴിപ്പിക്കാനുള്ളവരുടെ കണക്ക് ഇല്ലാത്തതിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. അഫ്ഗാനിസ്ഥാനിലെ സങ്കീർണ്ണ സാഹചര്യത്തിലും യോഗത്തിൽ ആശങ്ക പ്രകടമായി. താലിബാനോടുള്ള നിലപാടിൽ ആശയക്കുഴപ്പം ഉണ്ടെന്ന സൂചനയാണ് യോഗം ന‌ൽകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍