കശ്‌മീർ പിടിച്ചെടുക്കുന്നതിൽ താലിബാൻ പാകിസ്താന് പിന്തുണ നൽകുമെന്ന് പാക് മന്ത്രി

ബുധന്‍, 25 ഓഗസ്റ്റ് 2021 (12:52 IST)
കശ്‌മീർ പിടിച്ചെടുക്കുവാൻ പാകി‌സ്താനെ പിന്തുണയ്ക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി പാക് മന്ത്രി. പാകിസ്താനിലെ തെഹ്രീക് ഇ ഇൻസാഫ് മന്ത്രി നീലം ഇർഷാദ് ഷെയ്ഖാണ് താലിബാനുമായുള്ള ബന്ധം പരസ്യമായി സ്ഥിരീകരിച്ചത്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
 
പാകി‌സ്താന് കശ്‌മീർ കീഴടക്കുന്നതിനാവശ്യമായ സഹായങ്ങൾ താലിബാൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് മന്ത്രി ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞത്. സംഭവം വിവാദമാവുമെന്ന് മനസിലായി അവതാരകൻ ഇടപ്പെട്ടുവെങ്കിലും നീലം ഇർഷാദ് ഷെയ്‌ഖ് തന്റെ പ്രസ്‌താവന തിരുത്താൻ തയ്യാറായില്ല. കശ്‌മീർ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള പ്രശ്‌നമാണെന്നും ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്നുമായിരുന്നു നേരത്തെ താലിബാന്റെ നിലപാട്. 
 
നേരത്തെ അഫ്‌ഗാനിസ്ഥാൻ ഗവണ്മെന്റ് താലിബാനുമായുള്ള പാകിസ്ഥാൻ ഇന്റലിജൻസിന്റെ ബന്ധത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. താലിബാന് പാകിസ്ഥാൻ സഹായം ചെയ്യുന്നുവെന്നായിരുന്നു അഫ്‌ഗാൻ സർക്കാരിന്റെ ആരോപണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍