സിഖ് മതത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കൂ, കോടതി അമേരിക്കക്കാരനായ യുവാവിന് നൽകിയ ശിക്ഷ ഇങ്ങനെ !

Webdunia
ശനി, 25 മെയ് 2019 (19:00 IST)
സിഖ് മതത്തെ കുറിച്ച് പഠിച്ച ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. അമേരിക്കൻ പൗരനായ യുവാവിന് അമേരിക്കയിലെ തന്നെ കോടതി നൽകിയ ശിക്ഷയാണിത്. അമേരിക്കയിലെ ഒറിഗോണിൽ കട നടത്തുന്ന ഹർവീന്ദർ സിംഗ് ഡോഡ് എന്ന വ്യക്തിയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിലാണ് ആൻഡ്ര്യു റാംസേ എന്ന അമേരിക്കൻ യുവാവിന് കോടതി ഇത്തരത്തിൽ ഒരു ശിക്ഷ വിധിച്ചത്.
 
ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹർവീന്ദർ സിഗററ്റ് വിൽക്കാൻ തയ്യാറാവാതെ വന്നതോടെ രാംസേ ഹർവീന്ദറിനെ ആക്രമിക്കുകയായിരുന്നു. റാംസേ ഹർവീന്ദറിന്റെ തടിയിൽ പിടിച്ച് വലിക്കുകയും നിലത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയും ചെയ്തു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സുഹൃത്തെത്തി റാംസേയെ പിടിച്ചുവക്കുകയായിരുന്നു.
 
കേസ് കോടതിയിലെത്തിയതോടെ പ്രതി കുറ്റം ചെയ്തതായി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി കണ്ടെത്തുകയായിരുന്നു. തന്റെ തലപ്പാവും താടിയുമാണ് പ്രതിയെ അക്രമിക്കാൻ പ്രേരിപ്പിച്ചത് എന്ന് ഹർവീന്ദർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സിഖ് മതത്തെ കുറിച്ച് പഠിക്കാനും പഠിച്ച കാര്യങ്ങൾ റിപ്പോർട്ടായി സമർപ്പിക്കാനും കോടതി ഉത്തരവിട്ടത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article