സാദിഖ് ഖാൻ: ബസ് ഡ്രൈവറുടെ മകൻ ലണ്ടനിലെ ആദ്യ മുസ്ലിം മേയർ ആയ കഥ !

Webdunia
ശനി, 7 മെയ് 2016 (12:10 IST)
ലണ്ടനിലെ ആദ്യ മുസ്ലിം മേയർ ആയി സാദിഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ്‌ സ്മിത്തിനെ 315529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിഖ് ഖാന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ലണ്ടൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഭൂരിപക്ഷത്തിൽ ഒരാൾ മേയർ പദവിയിൽ എത്തുന്നത്.
 
1970 ല്‍ പാകിസ്താനില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് സാദിഖിന്റെ കുടുംബം. പാകിസ്താനിൽ നിന്നും കുടിയേറിയ ബസ് ഡ്രൈവറുടെ മകനാണ് സാദിഖ് ഖാൻ എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു. സാദിഖ് ഖാൻ 13,10,143 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ഗോൾഡ് സ്മിത്തിന് 9,94,614 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
 
കൺസർവേറ്റീവ് പാർട്ടിയുടെ കുത്തകയായ ലണ്ടൻ ഭരണമാണ് 45കാരനായ സാദിഖ് ഖാൻ തകർത്തത്. തന്നെപ്പോലൊരു ബസ് ഡ്രൈവറുടെ മകന് ഇത്തരത്തിലൊരു സ്ഥാനത്ത് എത്താൻ കഴിയുമെന്ന് വിജാരിച്ചിരുന്നില്ലെന്നും എന്നാൽ അതിനായി പോരാടിയിരുന്നെന്നും ഒടുവിൽ വിജയിച്ചുവെന്നും സാദിഖ് ഖാൻ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു.
 
ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്ത സാദിഖ് ഖാന്‍ സോളിക്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാദിഖ് ഖാന്‍ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ എം പി ആയിരുന്നു.കൂടാതെ രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. ഇന്ത്യാ-പാക് വിഭജനകാലത്താണ് സാദിഖ് അമ്മന്‍ ഖാന്റെ കുടുംബം ലണ്ടനിലേക്ക് കുടിയേറിയത്. ഭാര്യ സാദിയാ ഖാന്‍. രണ്ടു മക്കളുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

 
Next Article