അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പടെ 7 ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യോമാക്രമണത്തില്‍ ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും തന്നെ നശിപ്പിക്കപ്പെട്ടതായാണ് വിവരം. പാക് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതോടെ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന് ഉറപ്പായി. പാകിസ്ഥാന്‍ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.