'അതിവേഗം മുക്തി നേടട്ടെ, ഒപ്പമുണ്ട്'; ഇന്ത്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഇമ്രാന്‍ ഖാന്‍

Webdunia
ശനി, 24 ഏപ്രില്‍ 2021 (13:44 IST)
കോവിഡ് മഹാമാരിയില്‍ നിന്നു ഇന്ത്യ അതിവേഗം മുക്തി നേടട്ടെ എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോവിഡ് 19 മഹാമാരിയോടുള്ള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടും കോവിഡ് മൂലം വേദനയനുഭവിക്കുന്ന എല്ലാ ജനങ്ങളും അതിവേഗം സുഖംപ്രാപിക്കാന്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ മനുഷ്യത്വത്തോടെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ഇമ്രാന്‍ പറഞ്ഞു. 

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പാക്ക് ജനത ആവശ്യപ്പെടുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ക്ക് പോലും ഓക്സിജന്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇന്ത്യ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിയില്‍ സഹായം നല്‍കണമെന്ന് പാക്കിസ്ഥാന്‍ ജനത തങ്ങളുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെടുകയാണ്. ട്വിറ്ററില്‍ ഇന്ത്യ നീഡ്സ് ഓക്സിജന്‍ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി.

കോവിഡ് രോഗികള്‍ക്കായുള്ള ഓക്സിജന്‍ വിതരണത്തില്‍ നേരിടുന്നത് വന്‍ പ്രതിസന്ധി. രാജ്യതലസ്ഥാനത്ത് അടക്കം ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പുറത്തുവരുന്നത്. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ മൊബൈല്‍ ഐസിയു യൂണിറ്റുകള്‍ അടക്കം ആരംഭിച്ചാണ് രാജ്യം പ്രതിസന്ധിയെ മറികടക്കാന്‍ നോക്കുന്നത്. ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികള്‍ കാത്തുകിടക്കേണ്ട അവസ്ഥ. 25 ലക്ഷത്തിലേറെ കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article