ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റ് ഗാർഡിന് നേരെ ആക്രമണം, ഒരാൾ അറസ്റ്റിൽ

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (19:44 IST)
ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്പെഷ്യൽ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. ഒരു സൗദി പൗരന്‍ ഗാര്‍ഡിനെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുകൊണ്ടായിരുന്നു അക്രമണം.
 
അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഫ്രാൻസ് ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ രാജ്യത്തിനെതിരെ ഇന്ന് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണീത്. നേരത്തെ തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം നടന്ന കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സ്ത്രീയെ കഴുത്തറുത്ത് കൊന്ന അക്രമി മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
 
ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാം പ്രതിസന്ധിയിലാണെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടിരുന്നു. മക്രോണ്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങള്‍ മക്രോണിനെതിരെ വിമര്‍ശനമുയര്‍ത്തി. പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി രാജ്യങ്ങൾ ഫ്രാൻസിനെതിരെ രംഗത്ത് വന്നിരുന്നു. സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളിലും ഫ്രാൻസിനെതിരെ പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിന് നേരെയുള്ള അക്രമണം.

അനുബന്ധ വാര്‍ത്തകള്‍

Next Article