ബൈഡൻ പടിയിറങ്ങുന്നത് ഒരു മഹായുദ്ധത്തിന് കളമൊരുക്കികൊണ്ട്, റഷ്യക്കെതിരെ യു എസ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി!

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2024 (12:04 IST)
യു എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതിന് യുക്രെയ്‌നിന്റെ മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും ദിവസങ്ങളില്‍ റഷ്യക്കെതിരായ അക്രമണം യുക്രെയ്ന്‍ ശക്തിപ്പെടുത്തും എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അമേരിക്കയുടെ നിലപാട് മാറ്റം. അതേസമയം വിഷയത്തെ പറ്റി പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല.
 
യു എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു. ഈ സാഹചര്യത്തില്‍ യു എസ് പ്രസിഡന്റ് പദമൊഴിയാന്‍ 2 മാസം മാത്രം ബാക്കിനില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. യുക്രെയ്ന്‍ യുദ്ധമുഖത്ത് ഉത്തരക്കൊറിയ റഷ്യയ്‌ക്കൊപ്പം സൈനികരെ വിന്യസിച്ച സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.
 
നേരത്തെ നാറ്റോ സഖ്യം യുക്രെയ്‌നിന് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ അനുവദിച്ച തീരുമാനം റഷ്യയെ ചൊടുപ്പിച്ചിരുന്നു. അത്യാവശ്യ സാഹചര്യം വരികയാണെങ്കില്‍ യുക്രെയ്‌നിന് മുകളില്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നയമാറ്റം.

അനുബന്ധ വാര്‍ത്തകള്‍

Next Article