ഇസ്രയേല്‍ സൈന്യത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മധ്യപൂര്‍വ ദേശത്ത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. തുറന്ന യുദ്ധത്തിലേക്ക് എന്ന നിലപാടിലാണ് ഇസ്രയേല്‍ ഇപ്പോള്‍. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ലെബനീസ് മേഖലയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഞങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു. ചിലര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല - ഇസ്രയേല്‍ പ്രതിരോധ സേനയുടെ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തികളില്‍ ഉള്ള ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇസ്രയേലിന്റെ നഷ്ടം വലുതാകുന്നതിനു അനുസരിച്ച് യുദ്ധത്തിന്റെ സ്വഭാവവും മാറുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്.
മധ്യ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായും എട്ട് പേര്‍ക്ക് പരുക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനില്‍ പലയിടത്തായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 46 പേരെങ്കിലും കൊല്ലപ്പെട്ടതായും 85 പേര്‍ക്ക് പരുക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങള്‍ തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം എന്നതിനപ്പുറം ലെബനനെ ഉന്നം വയ്ക്കുകയാണ് ഇസ്രയേല്‍. ഇത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നാണ് ജനങ്ങള്‍ ഭയപ്പെടുന്നത്. അതിനിടെ ടെല്‍ ആവിവില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യെമനനിലെ ഹൂതികള്‍ രംഗത്തെത്തിയിട്ടുണ്ട്.