ഇസ്രായേലിനെതിരായ ആക്രമണത്തിന് ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് രഹസ്യസങ്കേതത്തിൽ നിന്ന്

അഭിറാം മനോഹർ

ബുധന്‍, 2 ഒക്‌ടോബര്‍ 2024 (11:07 IST)
ഇസ്രായേലിനെതിരായ മിസൈല്‍ ആക്രമണത്തിന് ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് ഇറാനിലെ രഹസ്യസങ്കേതത്തില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ ഖൊമൈനിയെ ഇറാന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇവിടെ ഇരുന്നുകൊണ്ടാണ് ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം ഇറാനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇരുന്നൂറോളം മിസൈലുകളാണ് ഇന്നലെ രാത്രിയില്‍ ഇറാന്‍ ഇസ്രായേലിന് നേരെ തൊടുത്തത്. ആളപായമില്ലെങ്കിലും ഇസ്രായേലിന്റെ തന്ത്രപ്രധാനമായ മേഖലകളില്‍ നാശം വിതയ്ക്കാന്‍ ആക്രമണങ്ങള്‍ക്ക് സാധിച്ചിടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ എഫ് 35 യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന വ്യോമതാവളമായ നെവാട്ടിം ആക്രമിച്ചതായാണ് ഇറാന്‍ അവകാശപ്പെടുന്നത്.
 
 മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നാലെ ബെയ്‌റൂട്ടിലും ഗാസയിലും ആഘോഷങ്ങള്‍ നടന്നു. ഇറാനെതിരെ കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാറി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍