ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അഭിറാം മനോഹർ
ബുധന്‍, 26 മാര്‍ച്ച് 2025 (17:51 IST)
Iran Missile Base
ആണവപദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ തങ്ങളുടെ മിസൈല്‍ ആയുധശേഖരത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇത്തരത്തില്‍ 3 കേന്ദ്രങ്ങള്‍ ഇറാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 മിസൈല്‍ കേന്ദ്രത്തിന്റെ 85 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) പുറത്തുവിട്ടത്. ഖൈബര്‍ ഷെഖാന്‍, ഖാദര്‍- എച്ച്, സെജില്‍,പവെ തുടങ്ങി ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളുടെ ശേഖരമാണ് ഭൂഗര്‍ഭ കേന്ദ്രത്തിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രായേലിനെതിരായ ആക്രമണത്തിന് ഇറാന്‍ പ്രയോഗിച്ചിരുന്നത്.
 
 2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. 3 വര്‍ഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരനവും മിസൈല്‍ വികസനവും ഉള്‍പ്പടെ എല്ലാ ആണവപദ്ധതികളും രണ്ട് മാസത്തിനകം നിര്‍ത്തിവെയ്ക്കാനാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് വഴങ്ങിയില്ലെങ്കില്‍ ഉപരോധവും സൈനികനടപടികളും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ഇറാന്‍ ആയുധശക്തി വെളിപ്പെടുത്തി വീഡിയോ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article