ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും ഇവര്‍ ഉയര്‍ത്തിയ ബാനറുകളും മറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസിനെതിരെ സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസം കണ്ടത്. അതേസമയം ഇസ്രായേലിലും യുദ്ധത്തിനെതിരെയും ഭരണകൂടത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെതിരെയും ജനങ്ങള്‍ തെരുവിലിറങ്ങിയത്. പുറത്തുപോകു, യുദ്ധം അവസാനിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാടുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.