'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്

രേണുക വേണു

ചൊവ്വ, 11 ഫെബ്രുവരി 2025 (11:06 IST)
ഇസ്രയേല്‍-ഗാസ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും ശനിയാഴ്ചയ്ക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ വെടി നിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. താന്‍ പറയുന്നതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ വീണ്ടും നരകം സൃഷ്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. 
 
ജനുവരി 19 നു നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹമാസിന്റെ നീക്കത്തെ 'ഭയാനകം' എന്ന് ട്രംപ് വിശേഷിപ്പിച്ചു. 
 
' ഞാന്‍ എന്റെ കാര്യം വ്യക്തമാക്കുന്നു. എന്നെ സംബന്ധിച്ചിടുത്തോളം, ശനിയാഴ്ച 12 മണിക്കകം എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കില്‍..! വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കാനുള്ള ഉചിതമായ സമയമായിരിക്കും ഇതെന്ന് ഞാന്‍ കരുതുന്നു. നരകതുല്യമായ അവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടും,' ട്രംപ് പറഞ്ഞു. 
 
' ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിനു ഇഷ്ടമുള്ള തീരുമാനമെടുക്കാം. പക്ഷേ, എനിക്ക് ശനിയാഴ്ച 12 മണിക്കകം അവരെ ഇവിടെ ലഭിക്കണം. അല്ലാത്തപക്ഷം വീണ്ടും നരകം സൃഷ്ടിക്കപ്പെടും,' ട്രംപ് കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍