'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്, ഏത് തരത്തിലായാലും': ചൈനയുടെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (19:16 IST)
യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലാണ് ഇക്കാര്യം കുറിച്ചത്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, അത് താരിഫ് യുദ്ധം ആയാലും വ്യാപാരയുദ്ധം ആയാലും ഇനി മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധം ആയാലും അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്- ചൈന പറഞ്ഞു.
 
ചൈനയ്ക്ക് 10% അധിക നികുതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ അധികം തിരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. 
 
അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് പോകുന്ന ഗോതമ്പ്, ചോളം, പരുത്തി, ചിക്കന്‍ എന്നിവയ്ക്ക് ഇത് ബാധകമാകും. ചൈനയ്ക്ക് പുറമേ കാനഡയില്‍ നിന്നും മെക്‌സിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ട്രംപ് അധിക തിരുവ ചുമത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍