റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് സൈബര്‍ കമാണ്ടിനോടാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പരസ്യമായി ഏറ്റുമുട്ടുന്നതിന് മുന്‍പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത് അമേരിക്കയുമായി പുതിയ വ്യാപാരബന്ധത്തിന് റഷ്യന്‍ പ്രസിഡന്റ് പുടിനെ ക്ഷണിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയിലെ ആശുപത്രികളെയും നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള റാന്‍സംവയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇവയുടെ കേന്ദ്രങ്ങള്‍ റഷ്യയാണ്. റഷ്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ അറിഞ്ഞുകൊണ്ടുള്ള ക്രിമിനല്‍ പ്രവര്‍ത്തനമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണങ്ങള്‍ റഷ്യക്കെതിരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നാണ് വിശദീകരണം.