ചൈനയില്‍ എന്താണ് സംഭവിക്കുന്നത് ? ആശങ്ക വിതച്ച് പുതിയ റിപ്പോര്‍ട്ടുകള്‍; വുഹാനിലെ ഒരു കോടിയിലേറെ പേരെ കൂട്ടപരിശോധനയ്ക്ക് വിധേയമാക്കുന്നു

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:52 IST)
ചൈനയില്‍ സ്ഥിതി സങ്കീര്‍ണമാകുന്നതായി റിപ്പോര്‍ട്ട്. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുമെന്ന് സൂചന. ചൈനയിലെ പ്രധാന നഗരമായ വുഹാനില്‍ ഒരു കോടിയിലേറെ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. വുഹാനില്‍ കൂട്ടപരിശോധന നടക്കാന്‍ പോകുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കോടിയിലേറെ ജനസംഖ്യയാണ് വുഹാന്‍ പ്രവിശ്യയിലുള്ളത്. ഇവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. പ്രാദേശിക തലത്തില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പ്രധാന നഗരങ്ങളില്‍ വ്യാപിക്കുന്നത്. അതിവേഗം പൊട്ടിപുറപ്പെട്ട രോഗവ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെയ്ജിങ് അടക്കമുള്ള 15 പ്രധാന നഗരങ്ങളിലാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ല്‍ വുഹാനില്‍ കോവിഡ് വ്യാപമുണ്ടായതിനു ശേഷമുള്ള തീവ്ര രോഗവ്യാപനമാണ് ഇപ്പോഴത്തേത്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ 15 നഗരങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ നൂറുകണക്കിനു പോസിറ്റീവ് കേസുകളാണ് ഉള്ളത്. എന്നാല്‍, ഇത് അതിവേഗം ഉയരാനുള്ള സാധ്യതയുണ്ട്. 
 
ചൈനീസ് നഗരമായ നാന്‍ജിങ്ങിലാണ് കോവിഡ് ഡെല്‍റ്റ ക്ലസ്റ്റര്‍ രൂപപ്പെട്ടത്. പിന്നീട് മറ്റു പ്രവിശ്യകളിലേക്ക് വ്യാപിക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുമുണ്ട്. ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒന്‍പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നുളള സിഎ 910 ഫ്‌ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതിനു പിന്നാലെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു. ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 206 കോവിഡ് കേസുകള്‍ നാന്‍ജിങ് കോവിഡ് ക്ലസ്റ്ററിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article