ഇസ്രയേലിൽ ഖനനത്തിനിടെ കണ്ടെത്തിയത് 1000 വർഷം പഴക്കമുള്ള കോഴിമുട്ട!

Webdunia
വെള്ളി, 11 ജൂണ്‍ 2021 (13:25 IST)
ഇസ്രായേലിലെ യാ‌വ്‌നെ പട്ടണത്തിൽ നിന്നും 1000 വർഷം പഴക്കമുള്ള കോഴിമുട്ട കണ്ടെടുത്തു. ഒരു കെട്ടിട സമുച്ചയ നിർമാണത്തിനായി കുഴിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ഈ അത്ഭുത സംഭവം നടന്നത്. കുഴിയെടുക്കുന്നതിനിടെ താഴേക്ക് കുഴിച്ച സംഘം കണ്ടത് മധ്യകാലഘട്ടത്തിലെ ഒരു മാലിന്യ കുഴി. അതിൽ നിന്നും അനേക വർഷങ്ങൾ പഴക്കം തോന്നിക്കുന്ന ഒരു കോഴിമുട്ടയും.
 
തോടിൽ കുറച്ചു പൊട്ടലുകൾ വീണിരുന്നെങ്കിലും മുട്ടയുടെ തോട് ഇനിയും അടർന്നു വീഴാത്ത നിലയിലായിരുന്നു. ആർക്കിയോളജിക്കൽ വകുപ്പിൽ നിന്നും മറ്റൊരു സംഘമെത്തി മുട്ടയുടെ പ്രായം കണക്കാക്കിയപ്പോൾ ആകെ അമ്പരപ്പാണ് ഉണ്ടായത്. മുട്ടയ്ക്ക് ആയിരം വർഷങ്ങൾക്ക് മേൽ പഴക്കം. മുട്ടയ്‌ക്കൊപ്പം വിചിത്രമായ രൂപമുള്ള പാവകളും ഇവിടെ നിന്ന് കണ്ടെത്തി. പെട്ടെന്ന് നശിച്ചു പോകുന്ന മുട്ടകൾ എങ്ങനെ ഇത്രകാലം നിലനിന്നുവെന്ന ചോദ്യമാണ് ഗവേഷകരെ കുഴക്കുന്നത്.
 
ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉടയാത്ത മുട്ട ലഭിക്കുന്നത് ഇതാദ്യമാണ്. ആറ് സെന്റിമീറ്റർ വലിപ്പമുള്ളതാണ് മുട്ട. ശാസ്ത്രജ്ഞർ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളക്കരു ഉണ്ടായിരുന്നില്ല. മുട്ടത്തോടിന് അടിയിൽ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു. ഇതിലൂടെ വെള്ളക്കരു മുഴുവനും മഞ്ഞക്കരു നല്ലൊരു ഭാഗവും ഒലിച്ചു പോയിരുന്നു. ശേഷിച്ച ചെറിയ അളവിലെ മഞ്ഞക്കരു ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ശാസ്‌ത്രജ്ഞർ. 
 
ചരിത്രകാലത്ത് വിസർജ്യവും മാലിന്യവും തള്ളിയിരുന്ന കുഴിയിൽ ഈ മുട്ട എങ്ങനെ വന്നെന്നുള്ളതാണ് ഗവേഷകരെ കുഴക്കുന്നത്. മുട്ടയ്ക്കൊപ്പം കണ്ടെത്തിയ കോപ്റ്റിക് ഡോളുകൾ എന്നറിയപ്പെടുന്ന പാവകളും എങ്ങനെ വന്നെന്നത് ദുരൂഹതയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article