വീണ്ടും ലാവ്‌ലിന്‍ വിവാദം: എസ്‌എന്‍സി ലാവ്‌ലിനെ ലോകബാങ്ക്‌ കരിമ്പട്ടികയില്‍പെടുത്തി

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2013 (09:08 IST)
PRO
PRO
എസ്‌എന്‍സി ലാവ്‌ലിനെ ലോകബാങ്ക്‌ പത്തു വര്‍ഷത്തേക്ക്‌ കരിമ്പട്ടികയില്‍പെടുത്തി. ബംഗ്ലാദേശില്‍ പദ്മ പാലം പണിയില്‍ നടത്തിയ വന്‍ അഴിമതിയും ക്രമക്കേടുമാണ്‌ ഇതിനു കാരണം. ലോക ബാങ്കിന്റെ ധനസഹായത്തോടെയുള്ള ഒരു പദ്ധതിയും പത്തു വര്‍ഷത്തേക്ക്‌ ലാവ്‌ലിന്‌ ഏറ്റെടുക്കാനാവില്ല.

ലാവ്‌ലിന്‍ ക്രമക്കേടു കാണിച്ചിട്ടുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ലോകബാങ്ക്‌ കംബോഡിയയെയും ഉള്‍പ്പെടുത്തി. കംബോഡിയയിലെ വൈദ്യുതി വിതരണത്തിനുള്ള വലിയൊരു പദ്ധതി നോംപെനില്‍ സ്ഥാപിക്കുന്നതിന്‌ ലോകബാങ്ക്‌ നല്‍കിയ 50 ലക്ഷം ഡോളറിന്റെ കരാറില്‍ ക്രമക്കേടു കാട്ടിയതിനാണിത്‌. കാനഡയിലെ തന്നെ മോണ്‍ട്രിയോളില്‍ ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ലാവ്‌ലിന്‌ എതിരെ റോയല്‍ കനേഡിയന്‍ മൗണ്ടഡ്‌ പൊലീസ്‌ അന്വേഷണം നടത്തിവരികയാണ്‌. ബംഗ്ലാദേശില്‍ ഗംഗാ നദിക്കു കുറുകെ നടക്കുന്ന പാലം നിര്‍മാണമാണ് വിവാദത്തിലായിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകബാങ്ക്‌ പദ്ധതിക്ക്‌ 120 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍ പാലം പണി തുടങ്ങുകയോ ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയോ ചെയ്‌തിരുന്നില്ല. ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയും തലസ്ഥാനമായ ധാക്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന 6.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലമാണിത്‌.

കഴിഞ്ഞ വര്‍ഷം തന്നെ ഈ പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നു ലോക ബാങ്ക്‌ ബംഗ്ലാദേശ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ്‌ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെന്നു ലോകബാങ്ക്‌ ഇന്റഗ്രിറ്റി വൈസ്‌ പ്രസിഡന്റ്‌ ലിയനാര്‍ഡ്‌ മെക്കാര്‍ത്തെ പറഞ്ഞു.