രാസായുധ പ്രയോഗത്തെക്കുറിച്ച് സിറിയയില്‍ പരിശോധന നടത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേകസംഘം ഡമാസ്‌കസിലെത്തി. 2011- മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ രാസായുധം പ്രയോഗിക്കുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് സംഘം പരിശോധന നടത്തുന്നത്.
സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് അല്‍ മൗലേമുമായി സംഘം കൂടിക്കാഴ്ച നടത്തും. കഴിയുന്നത്ര മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. രാസായുധപ്രയോഗം നടത്തുന്നതായി പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സൈന്യവും വിമതരും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്.
അലെപ്പൊ പ്രവിശ്യയിലെ വിമതര്‍ രാസായുധം പ്രയോഗിച്ച ഖാന്‍ അല്‍ അസലില്‍ ഒഴികെ സംഘത്തിന് പരിശോധനനടത്താന്‍ അസദിന്റെ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലയെന്നത് സംഘത്തെ കുഴക്കുമെന്നത് ഉറപ്പാണ്.