പാക് തെറ്റായ ദിശയിലെന്ന് സര്‍വേ

Webdunia
വെള്ളി, 18 ജൂലൈ 2008 (16:57 IST)
PTIPTI
പാകിസ്ഥാന്‍ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് ഭൂരിഭാഗം പാകിസ്ഥാനികളും വിശ്വസിക്കുന്നതായി സര്‍വേ. പി എം എല്‍ എന്‍ നേതാവ് നവാസ് ഷെരീഫിന്‍റെ ജനപ്രിയത ഉയര്‍ന്നുവെന്നും സര്‍വേയില്‍ വെളിപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനവും പാകിസ്ഥാന്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 83 ശതമാനം പേര്‍ പ്രസിഡന്‍റ് മുഷറഫിനെ ഉടന്‍ ഇം‌പീച്ച് ചെയ്യണമെന്ന് പറയുകയുണ്ടായി. മുന്‍ പ്രധാനമന്ത്രി ബേനസിറിന്‍റെ വധത്തിന് ശേഷം മുഷറഫിന്‍റെ ജനപ്രിയത ഇടിഞ്ഞപ്പോള്‍ നവാസ് ഷെരീഫിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം 82 ശതമാനമായാണ് ഉയര്‍ന്നത്. നാവാസിനെ എതിര്‍ക്കുന്നു എന്ന് പറഞ്ഞത് അറ് ശതമാനം മാത്രമാണ്.

ജൂണ്‍ 2006ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 36 ശതമാനം അധികമാണ് നവാസിന് ഇപ്പോഴുള്ള പിന്തുണ. അന്ന് മുഷറഫിനും ബേനസിറിനും പിന്നിലായിരുന്നു നവാസ്. അമേരിക്ക ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്( ഐ ആര്‍ ഐ) ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 3484 പുരുഷന്മാരിലും 223 സ്ത്രീകളിലുമാണ് നടന്നത്. പാകിസ്ഥാനിലെ നാല് പ്രവിശ്യകളില്‍ നിന്നുളള 50 ജില്ലകളിലെ 223 ഗ്രാമങ്ങളിലും 127 പട്ടണങ്ങളിലും നിന്നുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

മുഷറഫിനെ പുറത്താക്കുന്നതില്‍ വലിയ താല്‍‌പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിലും പി പി പി ഉപാദ്ധ്യക്ഷന്‍ അസിഫ് അലി സര്‍ദാരിയുടെ ജനപിന്തുണയും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന സര്‍വേയില്‍ 37 ശതമാനമായിരുന്ന സര്‍ദാരിയുടെ പിന്തുണ 45 ശതമാനമായാണ് വര്‍ദ്ധിച്ചത്.

പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ജനപ്രിയതയും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 23 ശതമാനമുണ്ടായിരുന്ന ജനപിന്തുണ 64 ശതമാനമയാണ് വര്‍ദ്ധിച്ചത്. ബേനസിറിന്‍റെ പുത്രനായ ബിലാവലിനും മികച്ച ജനപിന്തുണയുണ്ട്. അറുപത്തി ഒന്ന് ശതമാനം പേര്‍ ബിലാവലിനെ പിന്തുണയ്ക്കുന്നു.