ജി എട്ടില്‍ ഇന്ത്യ വേണമെന്ന് പുടിന്‍

Webdunia
ശനി, 30 ഓഗസ്റ്റ് 2008 (15:27 IST)
ഇന്ത്യയും ചൈനയും ഉള്‍പ്പെടാതെ ജി എട്ട് രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് പ്രസക്തി ഇല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍. ലോകത്തെ എട്ട് വ്യവസായവത്കൃത രാഷ്ട്രങ്ങളുടെ കുട്ടായ്മയാണ് ജി എട്ട്.

ഇന്ത്യയും ചൈനയും ഉള്‍പ്പെടാതെ, പ്രധാന കാര്യങ്ങളില്‍ അവരുമായി ചര്‍ച്ച നടത്താതെ ലോക സമ്പദ് വ്യവസ്ഥ വികസിക്കില്ല. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് പുടിന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

നിലവില്‍ ജി എട്ടിന് വലിയ പ്രസക്തിയില്ല. റഷ്യയെ ജി എട്ടില്‍ നിന്ന് പുറത്താക്കണമെന്ന അമേരിക്കയുടെ അഭിപ്രായത്തോട് പ്രതികരിക്കവെ ആണ് പുടിന്‍ ഇത് പറഞ്ഞത്. ജോര്‍ജ്ജിയന്‍ പ്രശ്നമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇടയാന്‍ ഇടയാക്കിയത്.

ഞങ്ങള്‍ക്ക് പേടിയൊന്നുമില്ല. സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തിലൂന്നിയ വിശകലനം ആണ് വേണ്ടത്- പുടിന്‍ പറഞ്ഞു.

നിലവില്‍ അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി എന്നിവയാണ് ജി എട്ടില്‍ ഉള്‍പ്പെടുന്നത്.