സ്പാനിഷ് ലീഗില്‍ കുപ്പിയേറ്

Webdunia
PROPRO
ടീം തോല്‍ക്കുമ്പോള്‍ ഗോളടിച്ചു കൂട്ടുന്ന എതിര്‍ കളിക്കാരനെ വംശീയമായി ആക്ഷേപിക്കുക, എതിര്‍ ആരാധകരുമായി തല്ല് കൂടുക. തെരുവില്‍ അക്രമം അഴിച്ചു വിടുക തുടങ്ങിയ പരാക്രമങ്ങള്‍ പ്രമുഖ ഫുട്ബോള്‍ ലീഗുകള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം പതിവാണ്. സ്പാനിഷ് ലീഗിലാണ് മിക്കവാറും ആരാധകരുടെ വാശി കാണുന്നത്.

ശനിയാഴ്ച സ്പാനിഷ്‌ ലീഗിലെ അത്‌ലറ്റികോ ബില്‍ബാവോ-റയല്‍ ബെറ്റിസ് മല്‍‌സരത്തില്‍ ആരാധകരുടെ ആവേശം അല്‍പ്പം കടുത്തു പോയി. കളത്തിനു പുറത്താണ് ഇത്രയും നാള്‍ ആവേശത്തിന്‍റേ അതിര് വിട്ടിരുന്നതെങ്കില്‍ ഇത്തവണ അത് കളത്തിനകത്തേക്കാണ് പാഞ്ഞത്. അത്‌ലറ്റിക്കോ ഗോള്‍കീപ്പറെ കുപ്പി കൊണ്ടെറിയുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടു.

അത്‌ലറ്റിക്കോയുടെ സ്പാനിഷ് ഗോളി അര്‍മാന്‍ഡോ റിബറോയ്‌ക്കായിരുന്നു ഈ വിധി. കളത്തിനു സമീപത്തെ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഒരു ആരാധകന്‍ വെള്ളം നിറച്ച കുപ്പി വച്ച് റിബേറോയുടെ മുഖത്തിനിട്ടാണ് ഒന്നു കൊടുത്തത്. ഉടന്‍ തന്നെ ബോധംകെട്ട് താഴെ വീണ റിബെറൊയെ സ്ട്രെച്ചറിലായിരുന്നു പുറത്തേക്ക് കൊണ്ട് പോയത്.

കളി അത്‌ലറ്റിക്കോ 2-1 നു മുന്നില്‍ നില്‍ക്കേ അറുപത്തഞ്ചാം മിനിറ്റിലായിരുന്നു ഏറ്. വലത് കണ്ണിനു തൊട്ടു താഴെ സാരമായി പരുക്കേറ്റതിനാല്‍ റിബെറൊക്ക് ആറ് കുത്തിക്കെട്ടുകള്‍ വേണ്ടി വന്നു. എന്തായാലും ഉടന്‍ തന്നെ കുറെ നേരം കളി നിര്‍ത്തി വയ്‌ക്കുകയും പിന്നീട് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.

ഇക്കാര്യത്തില്‍ ബില്‍ബാവോയെ ശിക്ഷിക്കണമെന്ന് അത്‌ലറ്റിക്കോ പറഞ്ഞിരിക്കുകയാണ്. കളി തുടരേണ്ടെന്ന് ബെറ്റിസിന്‍റെ ഉന്നതാധികാരി മാനുവല്‍ അകസ്റ്റാനോയും പറഞ്ഞു. ഡെന്‍‌മാര്‍ക്കും സ്വീഡനും തമ്മിലുള്ള യൂറോപ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലെ പോലുള്ള ശിക്ഷ നല്‍കണമെന്നാണ് അത്‌ലറ്റിക്കോയുടെ പരിശീലകന്‍ ജോക്കിം കപ്പാറോസിന്‍റെ വാദം.

ഡെന്‍‌മാര്‍ക്ക് സ്വീഡന്‍ മത്സരത്തിനിടയില്‍ കുടിച്ചു മദിച്ച ഒരു ഡാനിഷ് ആരാധകന്‍ നഗ്നനായി കളത്തിലൂടെ ഓടി നടക്കുക ഉണ്ടായി. ഈ മത്സരഫലം സ്വീഡന്‍ 3-0 നു ജയിച്ചതായി യുവേഫ പ്രഖ്യാപിക്കുകയും ഡാനിഷ് ഫുട്ബോള്‍ അസോസിയേഷന് 50,000 സ്വിസ് ഫ്രാങ്ക് പിഴയിടുകയും ചെയ്തു. ലാലിഗയില്‍ ഇത് രണ്ടാം തവണയാണ് കുപ്പിയേറ് നടക്കുന്നത്. ഫെബ്രുവരിയില്‍ സെവില്ലയുടെ മുന്‍ പരിശീലകന്‍ ജുണ്ടേ റാമോസിനും ഇതേ പോലെ ഒരേറ് ലഭിച്ചു.

നേരത്തേ വംശീയാക്ഷേപം ബാഴ്‌സിലോണ താരം സാമുവല്‍ എറ്റുവിനും ലഭിച്ചിട്ടുണ്ട്. എന്തായാലും ബെറ്റിസ് ആരാധകന് വിലക്ക് ഏര്‍പ്പെടുത്തി. 40 വയസ്സുള്ള സെവില്ലാ നിവാസിയായിരുന്നു കുറ്റവാളി. പൊതുശല്യം ഉണ്ടാക്കിയതിനും ഒരാളെ പരുക്കേല്‍പ്പിച്ചതിനും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും 3000 യൂറോയ്‌ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.