റിനോള്‍ട്ടും ചാര വിവാദത്തില്‍

Webdunia
വെള്ളി, 9 നവം‌ബര്‍ 2007 (12:03 IST)
WDFILE
ഇംഗ്ലീഷ് കമ്പനി മക്‍ലാറന്‍ നേരിട്ട അതേ പ്രശ്‌നം തന്നെ നേരിടുകയാണ് രണ്ടു തവണ എഫ് വണ്‍ ചാമ്പ്യന്‍‌മാരായ റിനോള്‍ട്ടും. തങ്ങളുടെ സാങ്കേതിക വിദ്യ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്ന ആരോപണം റിനോള്‍ട്ടിനെതിരെ ഉയര്‍ത്തിയിരിക്കുന്നതാകട്ടെ മക്‍ലാറനും. 2006 സെപ്തംബറിനും 2007 ഒക്ടോബറിനും ഇടയില്‍ റിനോള്‍ട്ട് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചെന്നാണ് മക്‍ലാറന്‍ ആരോപിക്കുന്നത്.

മക്‍ലാറന്‍റെ പരാതിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മോട്ടോര്‍ സ്പോര്‍ട്ട് ഗവേണിംഗ് ബോഡിയായ എഫ് ഐ എ യ്‌ക്ക് മുമ്പാകെ ഡിസംബര്‍ 6 നു വിശദീകരണം നടത്താന്‍ റിനോള്‍ട്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടാല്‍ ഈ സീസണില്‍ മക്‍ലാറന്‍ നേരിട്ട നടപടികളെല്ലാം റിനോള്‍ട്ടും നേരിടും. മക്‍ലാറന്‍റെ എഫ് വണ്‍ കാറിന്‍റെ ലേ ഔട്ടും ക്രിട്ടിക്കല്‍ ഡയമന്‍ഷനും ഉള്‍പ്പെട്ട വിവരങ്ങള്‍ റിനോള്‍ട്ട് ചൂണ്ടിയതായിട്ടാണ് മക്‍ലാറന്‍ ആരോപണം നടത്തുന്നത്.

ലേ ഔട്ടിനൊപ്പം എഫ് വണ്‍ കാര്‍ രംഗത്ത് മക്ലാറന്‍റെ സ്വന്തം സാങ്കേതിക വിദ്യയായ ഫ്യൂവലിംഗ് സിസ്റ്റം ഗീയര്‍ അസംബ്ലി, ഓയില്‍ കൂളിംഗ് സിസ്റ്റം, ഹൈഡ്രാലിക് കണ്ട്രോള്‍, നോവല്‍ സസ്പെന്‍ഡ് കമ്പോണന്‍റ് ഉപയോഗം എന്നിവയെല്ലാം ഒരു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചെന്നാണ് എഫ് ഐ എ യുടെ പ്രസ്താവനയില്‍ പറയുന്നത്.

തങ്ങളുടെ സാങ്കേതിക വിദ്യയടങ്ങുന്ന ഫയല്‍ മക്‍ലാറന്‍റെ മുഖ്യ എഞ്ചിനീയറുടെ വസതിയില്‍ നിന്നും കണ്ടെടുത്തു എന്നാരോപിച്ച് ഈ സീസണില്‍ ഫെരാരി മക്‍ലാറനെതിരെ എഫ് ഐ എ യെ സമീപിച്ചിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 100 ഡോളര്‍ പിഴയും കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റും മക്‍ലാറനു നഷ്ടമായിരുന്നു.

സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോ ചാമ്പ്യനായ 2006,2007 വര്‍ഷങ്ങളില്‍ റിനോള്‍ട്ട് കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പും ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പും ഒരുമിച്ച് നേടിയ കമ്പനിയാണ്. എന്നാല്‍ കഴിഞ്ഞ സീസനില്‍ അലോണ്‍സോ മക്ലാറനിലേക്ക് പോയതിനെ തുടര്‍ന്ന് കാര്യമായ ചലനം ഉണ്ടാക്കാന്‍ അവര്‍ക്കായില്ല.

അതേ സമയം ഈ സീസണില്‍ അലോന്‍സോ റിനോള്‍ട്ടിലേക്കു മടങ്ങുമെന്ന വാര്‍ത്ത അവര്‍ക്കു സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാല്‍ വില്യംസും മുന്‍ ലോക ചാമ്പ്യനുമായി കരാര്‍ ഒപ്പിടാമെന്ന കൊതിയിലാണ്.