ജീവിതഗന്ധിയായ വിഷയങ്ങളാണ് കേരളത്തിന്‍റെ പതിമൂന്നാം മേളയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് മീറ്റ് ദ ഡയറക്‌ടര്‍ പരിപാടിയില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു.
ശ്രീലങ്കന്‍ ചിത്രം 'മച്ചാ'ന്‍റെ ഇറ്റാലിയന്‍ സംവിധായകന്‍ ഉബര്‍ട്ടോ പസ്സോളിനി, മെക്‌സിക്കന്‍ ചിത്രമായ 'പാര്‍ക്ക് വ്യൂ'ന്‍റെ സംവിധായകന്‍ എന്‍ട്രിക് റിവേറ, ഇന്ത്യന്‍ സംവിധായകരായ ജയരാജ്, കെ.എസ്.ഗോമാതന്‍, രാജാ മേനോന്‍, ജോഷി ജോസഫ് എന്നിവരാണ് മീറ്റ് ദ ഡയറക്‌ടര്‍ പരിപാടികളില്‍ പങ്കെടുത്തത്.
' പാര്‍ക് വ്യൂ' ഏകാന്തതയുടെ ആവിഷ്‌ക്കാരമാണ്. വ്യക്തിഗത സിനിമ കൂടിയാണത്. ഡോക്യു- ഫിക്ഷന്‍ രീതിയില്‍ നിര്‍മ്മിച്ച ചിത്രത്തിന് സ്വദേശത്തും വിദേശമേളകളിലും നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് എന്‍ട്രിക് റിവേറ പറഞ്ഞു.
തങ്ങളുടെ ചിത്രമായികണ്ട് 'മച്ചാ'നെ ശ്രീലങ്കക്കാര്‍ വന്‍വിജയമാക്കിയെന്ന് സംവിധായകന്‍ ഉബര്‍ട്ടോ പസ്സോളിനി പറഞ്ഞു. നാടകീയതകളില്ലാതെ ലളിതഹാസ്യം കലര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരവമായ വിഷയങ്ങള്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നാണ് തന്‍റെ അഭിപ്രായമെന്നും പസോളിനി ചൂണ്ടിക്കാട്ടി.
സിനിമാ സംവിധാനം വിവിധ തലങ്ങളിലാണ് സംഭവിക്കുന്നതെന്നും സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാനപങ്ക് വഹിക്കാനുണ്ടെന്നും മുതല്‍ മുതല്‍ മുതല്‍ വരെയുടെ സംവിധായകന്‍ കെ.എസ്സ്‌്.ഗോമാതന്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക ഭാഷാ ചിത്രങ്ങളോട് മാധ്യമങ്ങള്‍ കാട്ടുണ അവഗണനയ്‌ക്കെതിരെ രോഷം പ്രകടിപ്പിക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
മണ്ണിനുവേണ്ടി ലോകത്തെമ്പാടും നടക്കുന്ന സമരങ്ങളുടെയും അതിനായി പോരാടിയവരുടെയും പ്രമേയമാണ് ഗുല്‍മോഹറില്‍ താന്‍ കൈകാര്യം ചെയ്‌തതെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.
ഇന്ത്യയിലെ ആഡംബരജീവിതത്തെ തൊഴിലെടുക്കുന്ന സാധാരണക്കാരന്‍ നോക്കികാണുകയാണ് ബാര അന്നയിലെന്നും തന്‍റെ ഹൃദയവുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണിതെന്നും സംവിധായകന്‍ രാജാ മേനോന്‍ പറഞ്ഞു.
ആഗോളവല്‍ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളിലെ ചന്തകളില്‍ അലഞ്ഞുതിരിയേണ്ടിവന്ന പരമ്പരാഗത പെയിന്റര്‍മാരുടെയും നാടോടി ഗായകരുടെയും പ്രശ്‌നങ്ങളാണ് സോംങ്‌സ് കളേഴ്‌സ് ആന്റ് മാര്‍ക്കറ്റില്‍ പ്രതിപാദിച്ചിട്ടുള്ളതെന്ന് ജോഷി ജോസഫ് പറഞ്ഞു.