Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം
ഇന്ത്യയുടെ ടി20 ടീമില്‍ കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാനായി പല എണ്ണം പറഞ്ഞ പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ 2024 സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സുമായി സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാദ്യമായല്ല സഞ്ജു ഐപിഎല്‍ സീസണുകളിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. 2020 സീസണ്‍ മുതല്‍ തന്നെ ഇത് സഞ്ജുവിന്റെ ശീലമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
2020ലെ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ നിന്നും 74 റണ്‍സാണ് താരം നേടിയത്. 2021ലെ ഐപിഎല്‍ സീസണ്‍ രാജസ്ഥാന്‍ നായകനായുള്ള സഞ്ജുവിന്റെ ആദ്യ സീസണായിരുന്നു. രാജസ്ഥാന്‍ നായകനായി ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടികൊണ്ടായിരുന്നു സഞ്ജു വരവറിയിച്ചത്. 2021ല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 63 പന്തില്‍ 119 റണ്‍സാണ് താരം നേടിയത്. 2022ലെ ഐപിഎല്‍ സീസണില്‍ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. 2023ലെ ഐപിഎല്‍ സീസണിലാകട്ടെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. ഐപിഎല്‍ 2024 സീസണില്‍ 52 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 82 റണ്‍സ് പ്രകടനം. 6 സിക്‌സുകളും 3 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.