മദയാനയായ റസ്സലിനെ പോലും തളച്ചിട്ടു, ഡെത്ത് ഓവറിൽ സ്പെഷ്യലിസ്റ്റ് , എവിടെയാണ് നടരാജന് പിഴച്ചത്

അഭിറാം മനോഹർ

ഞായര്‍, 24 മാര്‍ച്ച് 2024 (14:38 IST)
T Natarajan,IPL 2024
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ താരങ്ങളായ നിരവധി കളിക്കാരുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഐപിഎല്ലില്‍ തങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ടാണ് ദേശീയ ടീമില്‍ ഇടം സ്വന്തമാക്കിയത്. പിന്‍ക്കാലത്ത് ഇന്ത്യയുടെ പ്രധാനതാരങ്ങളായി മാറാനും ഈ താരങ്ങള്‍ക്കായി. അത്തരത്തില്‍ ഐപിഎല്‍ ക്രിക്കറ്റിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായിട്ടും ടി നടരാജന്‍ എന്ന യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം സ്ഥിരമാക്കാനായിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡെത്ത് ഓവറുകളില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടരാജന്‍ കാഴ്ചവെച്ചത്.
 
2017ലെ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനായാണ് താരം ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്നത്. 2018ല്‍ താരത്തെ 4.2 കോടിക്ക് ഹൈദരാബാദ് ടീമിലെത്തിച്ചതോടെ നടരാജന്റെ തലവരയും തെളിഞ്ഞു. ഐപിഎല്ലില്‍ നിരന്തരമായി നടത്തിയ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ 2020ല്‍ നടരാജന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഭാഗമായി. ടി20 അരങ്ങേറ്റത്തില്‍ ഓസീസിനെതിരെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം മത്സരത്തില്‍ 2 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. 2021ല്‍ ഇത്യയുടെ ഇംഗ്ലണ്ട് ടൂറിലും നടരാജന്‍ ഭാഗമായി. എന്നാല്‍ 2021ലെ ഐപിഎല്‍ സീസണ്‍ പരിക്ക് മൂലം നഷ്ടമായത് നടരാജന് വലിയ നിര്‍ഭാഗ്യമായി.
 
2021 സീസണില്‍ മാറിനിന്നതോടെ ദേശീയ ടീമിലെ അവസരം നടരാജന് നഷ്ടമായി. പിന്നീട് പരിക്ക് മാറി ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും ദേശീയ ക്രിക്കറ്റ് ടീമിന്റെ വാതില്‍ നടരാജന് മുന്നില്‍ തുറന്നില്ല. 2022ലെ ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളുമായി നടരാജന്‍ തിളങ്ങിയിരുന്നു. 2023ലെ ഐപിഎല്ലില്‍ 12 മത്സരങ്ങള്‍ കളിച്ചെങ്കിലും 10 വിക്കറ്റുകള്‍ മാത്രമായിരുന്നു നടരാജന് സ്വന്തമാക്കാനായത്. എന്നാല്‍ 2024ലെ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ 3 വിക്കറ്റുകളാണ് താരം പിഴുതത്. ആന്ദ്രേ റസ്സല്‍ എന്ന മദയാന തകര്‍ത്തടിക്കുമ്പോള്‍ ഡെത്ത് ഓവര്‍ എറിഞ്ഞിട്ടും 4 ഓവറുകളില്‍ 32 റണ്‍സ് മാത്രമാണ് നടരാജന്‍ വിട്ടുകൊടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍