യുവാക്കളുടെ ഭക്ഷണ രീതിയാണ് ഒന്നാമത്തെ വെല്ലുവിളി. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ കഴിക്കുന്ന പ്രവണത നല്ലതല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തീവ്രമാകുന്നു. ഹൃദയാഘാതത്തിലേക്കും ഇത് നയിച്ചേക്കാം. ഇത്തരം ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ നിയന്ത്രണം വേണം.
യുവാക്കളിലെ ഹൃദയാഘാതം കൂടാന്‍ മറ്റൊരു പ്രധാന കാരണം പുകവലിയാണ്. മദ്യപാനത്തേക്കാള്‍ ദോഷം ചെയ്യുന്ന കാര്യമാണ് പുകവലി. പുകവലി പൂര്‍ണമായി ഉപേക്ഷിക്കുകയാണ് ആരോഗ്യത്തിനു നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായി പുകവലിക്കുന്നവരുടെ ഹൃദയാരോഗ്യം വളരെ മോശമായിരിക്കുമെന്നാണ് പഠനങ്ങള്‍.