വേനൽ കടുത്തതോടെ തണ്ണിമത്തന്റെ ഡിമാന്‍ഡ് കൂടി. ഇതിനിടെയാണ് തണ്ണിമത്തന് ചുവന്ന നിറം കിട്ടുന്നതിന് എറിത്രോസിന്‍ ബി എന്ന രാസവസ്തു കുത്തിവെക്കുന്നുണ്ടെന്ന പ്രചാരണം ശക്തമായത്. എല്ലാ വേനല്‍ക്കാലത്തും പതിവായി കേള്‍ക്കുന്ന ആരോപണമാണ് തണ്ണിമത്തനിലെ നിറം ചേര്‍ക്കല്‍. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ?
ഇത് തികച്ചും അപ്രസക്തവും വ്യാജവുമായ പ്രചാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ് എന്നാണ് ഇവർ ചൂടിനിക്കാട്ടുന്നത്. സംഭവം വ്യാജ പ്രചാരണമാണെന്നിരിക്കെ ഇതിനെ ശരിവെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്കും ചില വ്‌ളോഗര്‍മാര്‍ക്കും പുറമേ ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. എന്നാൽ, തുടർ പരിശോധനയ്ക് അയച്ച സാമ്പിളുകളിൽ ഒന്നിലും തന്നെ എറിത്രോസിൻ കണ്ടെത്തിയിട്ടുമില്ല.
ഇത്തരത്തിൽ നിറം ചേർത്ത തണ്ണിമത്തൻ കർഷകരിൽ നിന്നോ വ്യാപാരികളിൽ നിന്നോ പിടിക്കപ്പെട്ടതായോ അതിൽ എറിത്രോസിൻ രാസവസ്തു കണ്ടെത്തിയതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഒന്നാമത്തെ കാര്യം. ഹൈബ്രിഡ് വെറൈറ്റി തണ്ണിമത്തനുകൾക്ക് സ്വാഭാവികമായും നല്ല ചുവന്ന നിറം ഉണ്ടാകാറുണ്ട് താനും. ഇങ്ങനുള്ള സാഹചര്യത്തില്‍ ഇത്തരം പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തും.