ഇറ്റലിയുടെ തേരോട്ടത്തിന് അവസാനം കുറിച്ച് സ്പാനിഷ് പട, യുവേഫ നാഷൻസ് കപ്പ് ഫൈനലിൽ

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (18:20 IST)
തുടർച്ചയായി 37 മത്സരങ്ങളിലെ അപരാജിത കുതിപ്പിനൊടുവിൽ സ്പാനിഷ് പടയോട് പരാജയം ഏറ്റുവാങ്ങി അസൂറിപ്പട. ഇതോടെ യൂറോകപ്പിലെ സെമിഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടാനും സ്പൈയ്‌നിനായി. യുവേഫ നേഷൻസ് ലീഗിന്റെ സെമിയിലാണ് ഇറ്റലി പരാജയപ്പെട്ടത്. നാളെ നടക്കുന്ന ഫ്രാൻസ്-ബെൽജിയം സെമി പോരാട്ടത്തിലെ വിജയിയെ സ്പെയിൻ ഫൈനലിൽ നേരിടും.
 
യൂറോപ്യൻ ചാമ്പ്യന്മാരെന്ന തലയെടുപ്പിനൊപ്പം 37 മത്സരങ്ങളിൽ അപരാജിത കുതിപ്പുമായെത്തിയ ഇറ്റലിക്കെതിരെ 17ആം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ ആദ്യ ഗോൾ നേടി. 42ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ക്യാപ്‌റ്റൻ ലിയനാർഡോ ബനൂച്ചി പുറത്ത്. ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുൻപ് ഫെറാൻ ടോറസിലൂടെ സ്പെയിൻ ലീഡ് ഉയർത്തി.
 
കളിയുടെ രണ്ടാം പകുതിയിലും മേധാവിത്വം പുലർത്തിയെങ്കിലും സ്പെയിനിന് ഗോളോന്നും നേടാനായില്ല. ഇതിനിടെ 83ആം മിനിറ്റിൽ അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ ഇറ്റലിക്കായി ലോറെൻസോ പെല്ലഗ്രീനി ഗോൾ മടക്കി.  ഒരു ഗോൾ കൂടി നേടി കളി അധികസമയത്തേക്ക് നീട്ടാനായി ഇറ്റലി ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധത്തിന്റെ മുന്നിൽ ശ്രമങ്ങൾ എല്ലാം വിഫലമാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article