ജയിച്ചെങ്കിലും ബ്രസീലിന് തലവേദന ! നെയ്മര്‍ ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍

വെള്ളി, 25 നവം‌ബര്‍ 2022 (08:43 IST)
ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയെങ്കിലും ബ്രസീല്‍ ക്യാംപില്‍ ആശങ്ക. നെയ്മറിന്റെ പരുക്കാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് കണങ്കാലില്‍ നെയ്മറിന് പരുക്കേറ്റത്. 
 
സെര്‍ബിയന്‍ താരത്തിന്റെ കാലുമായി നേരിട്ട് കൂട്ടിയിടിച്ചാണ് റിന്റെ കണങ്കാലില്‍ പരുക്കേറ്റത്. കണങ്കാല്‍ നീരുവന്ന് മുട്ടിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വലത് കണങ്കാലിലാണ് നെയ്മറിന് പരുക്കേറ്റിരിക്കുന്നത്. നെയ്മറിന് ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. 
 
നെയ്മറിന്റെ കണങ്കാല്‍ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കണം. 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയം കഴിഞ്ഞാലേ ഇനി എന്തെങ്കിലും പറയാന്‍ സാധിക്കൂ. കാത്തിരിക്കൂ എന്നേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. മറ്റ് കമന്റുകളൊന്നും നടത്താനുള്ള സമയമല്ല ഇത് - റോഡ്രിഗോ കൂട്ടിച്ചേര്‍ത്തു. 
 
നെയ്മര്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കുമോ എന്നറിയാന്‍ ഇനി 48 മണിക്കൂര്‍ കൂടി കാത്തിരിക്കണമെന്നാണ് ബ്രസീല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കാലിലെ നീര് കുറയുകയും സാധാരണ രീതിയില്‍ നടക്കാന്‍ സാധിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ദിവസങ്ങളില്‍ താരത്തിനു പരിശീലനത്തിനു ഇറങ്ങാന്‍ സാധിക്കൂ. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍