നെയ്‌മറിനും മെസിക്കുമെതിരെ കോച്ച്: മെസി ചെല്‍സിയിലേക്ക്!

Webdunia
വെള്ളി, 9 ജനുവരി 2015 (10:58 IST)
തുടര്‍ച്ചയായുള്ള തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്പാനിഷ് ലീഗ് ഫുട്ബോളിലെ വമ്പന്‍ ക്ളബ്ബായ ബാഴ്‌സലോണയില്‍ പടല പിണക്കം. പിണക്കം വര്‍ദ്ധിച്ച് വന്നതോടെ ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടും എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

ലാലിഗയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ മറികടക്കാനാകാത്തതിനെ തുടര്‍ന്നാണ് ടീമില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എല്‍ ക്ളാസിക്കോ ആദ്യ പാദത്തില്‍ റയലിനോടു 1-3ന് അടിയറവ് പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ വാരം റയല്‍ വലന്‍സിയയോടു തോറ്റപ്പോള്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ബാര്‍സ സോസിദാദിനോടും തോറ്റു. ഇതോടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയേയും നെയ്‌മറിനെയും കോച്ച് തഴയാനും തുടങ്ങി. സോസിദാദിനെതിരായ മല്‍സരത്തില്‍ മെസിയെയും നെയ്മറെയും കോച്ച് ലൂയിസ് എന്‍റിക്വെ ആദ്യ ഇലവനില്‍ ഇറക്കിയില്ല. ഇതേ തുടര്‍ന്ന് മെസി പരിശീലനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. ഇതോടെ കോച്ചും സൂപ്പര്‍ താരങ്ങളും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലായ്മയും ആരംഭിച്ചു.

ഈ സാഹചര്യത്തിലാണ് ലയണല്‍ മെസി ക്ളബ് വിടും എന്ന അഭ്യൂഹം ശക്തമായത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ളബ്ബായ ചെല്‍സിയിലേക്കു ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കൂടാതെ മെസിയുടെ കാമുകി ട്വിറ്ററിലും ചെല്‍സി ക്ളബിനെ പിന്തുടരുകയാണ്. ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ മെസി ചെല്‍സി ക്ളബിനെയും താരങ്ങളായ സെസ്കെ ഫാബ്രിഗാസിനെയും ഫിലിപ്പെ ലൂയിസിനെയും ഫോളോ ചെയ്തത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.