പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. അതേസമയം, വലിയ ആശങ്കയിലാണ് അര്‍ജന്റീന ക്യാംപ്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരിശീലകന്‍ ലയണന്‍ സ്‌കലോണി, നായകന്‍ ലയണല്‍ മെസി എന്നിവരടക്കം ഒന്‍പത് പേരാണ് മഞ്ഞ കാര്‍ഡ് കണ്ടത്.
മത്സരത്തില്‍ മൊത്തം 16 തവണ റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തി. അതില്‍ കൂടുതലും അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ. ഇതില്‍ ഗോണ്‍സാലോ മൊന്റില്‍, മാര്‍ക്കോസ് അക്യുന എന്നിവര്‍ക്ക് നേരത്തെ മഞ്ഞ കാര്‍ഡ് ലഭിച്ചിട്ടുള്ളതാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇവര്‍ക്ക് കിട്ടിയത് രണ്ടാം മഞ്ഞ കാര്‍ഡ് ആണ്. അതുകൊണ്ട് ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരം മൊന്റിലിനും അക്യുനയ്ക്കും നഷ്ടപ്പെടും. ഇരുവരും സെമി ഫൈനലില്‍ പുറത്തിരിക്കും.
ഖത്തര്‍ ലോകകപ്പിലെ ആദ്യ മഞ്ഞ കാര്‍ഡാണ് മെസിക്ക് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ലഭിച്ചത്.