'നെയ്മറിനെ കൊണ്ട് പെനാല്‍റ്റി കിക്ക് എടുപ്പിക്കാതിരുന്നത് തന്ത്രം, പക്ഷേ നടന്നില്ല'; വിശദീകരിച്ച് ടിറ്റെ

ശനി, 10 ഡിസം‌ബര്‍ 2022 (11:14 IST)
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിനു പിന്നാലെ പ്രതികരിച്ച് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ ആദ്യ കിക്ക് എന്തുകൊണ്ട് പരിചയസമ്പത്തുള്ള നെയ്മറിന് നല്‍കിയില്ലെന്ന ചോദ്യത്തിനു ടിറ്റെ മറുപടി നല്‍കി. യുവതാരമായ റോഡ്രിഗോയാണ് ബ്രസീലിന് വേണ്ടി ആദ്യ കിക്ക് എടുത്തത്. ഈ കിക്ക് ക്രൊയേഷ്യന്‍ ഗോളി തടഞ്ഞു. 
 
നെയ്മറിനെ അവസാന കിക്കിന് വേണ്ടി മാറ്റി നിര്‍ത്തിയതാണ് ടിറ്റെ. എന്നാല്‍ അവസാന കിക്കിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. അതിനു മുന്‍പ് തന്നെ ക്രൊയേഷ്യ ജയം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ക്രൊയേഷ്യയുടെ ജയം. 
 
നെയ്മറിനെ അവസാനത്തേക്ക് മാറ്റി നിര്‍ത്തിയത് തന്ത്രമായിരുന്നെന്ന് ടിറ്റെ പറയുന്നു. അവസാനത്തെയും നിര്‍ണായകവുമായ കിക്ക് എടുക്കേണ്ടത് നെയ്മര്‍ ആണ്. വളരെ സമ്മര്‍ദ്ദമുള്ള സമയത്താണ് കൂടുതല്‍ ക്വാളിറ്റിയോടും മാനസിക കരുത്തോടും പെനാല്‍റ്റി കിക്ക് എടുക്കുന്ന താരത്തെ വേണ്ടത്. അതിനായാണ് നെയ്മറെ അവസാനത്തേക്ക് നിര്‍ത്തിയത്. പക്ഷേ, നിര്‍ഭാഗ്യം കൊണ്ട് അത് നടപ്പിലായില്ലെന്നാണ് ടിറ്റെയുടെ വാക്കുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍