വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ഇത്ര പണമൊന്നും ചെലവാക്കരുതായിരുന്നു; വിമര്‍ശിച്ച് ചെന്നൈ മുന്‍ താരം

രേണുക വേണു

ശനി, 3 മെയ് 2025 (12:18 IST)
ഐപിഎല്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായത് താരലേലത്തില്‍ വിവേകപൂര്‍വ്വം പണം ചെലവഴിക്കാത്തതിനാലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍താരം അഭിനവ് മുകുന്ദ്. 14 കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ചെലവഴിച്ച തുക കൂടുതല്‍ ആണെന്നും അഭിനവ് പറഞ്ഞു. 
 
ബാറ്റര്‍മാര്‍ക്കു വേണ്ടി അമിതമായി പണം ചെലവഴിച്ചു. ബൗളിങ് യൂണിറ്റിനായി വേണ്ടത്ര പണം മാറ്റിവെച്ചില്ല. ബൗളിങ് യൂണിറ്റ് ദുര്‍ബലമായതാണ് രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകാന്‍ പ്രധാന കാരണമെന്നും അഭിനവ് പറഞ്ഞു. 
 
' അവര്‍ കൂടുതല്‍ പണം ചെലവഴിച്ച അവരുടെ മികച്ച ബൗളര്‍ ആര്‍ച്ചര്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വേണ്ടിയുള്ള രാജസ്ഥാന്റെ പണം ചെലവാക്കല്‍ നല്ല നിലയില്‍ ആയിരുന്നില്ല. 6.75 കോടി ചെലവഴിച്ച് ലേലത്തില്‍ സ്വന്തമാക്കിയ തുഷാര്‍ ദേശ്പാണ്ഡെയെ ചില മത്സരങ്ങളില്‍ പുറത്തിരുത്തേണ്ടി വന്നു. നിതീഷ് റാണ, വൈഭവ് സൂര്യവന്‍ശി എന്നിവര്‍ക്കു വേണ്ടി ചെലവഴിച്ച തുക കൂടുതലായി പോയി. മൂന്ന് കോടിയിലേറെ മുടക്കി നിതീഷ് റാണയെയും 1.1 കോടി മുടക്കി വൈഭവിനെയും ഞാന്‍ ഒരിക്കലും ലേലത്തിലെടുക്കില്ല. ആ പണം ഞാന്‍ നല്ല ബൗളര്‍മാര്‍ക്കു വേണ്ടി ചെലവഴിച്ചേനെ. കഴിഞ്ഞ സീസണില്‍ നോക്കൂ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ അഞ്ച് ബൗളര്‍മാര്‍ രാജസ്ഥാനു ഉണ്ടായിരുന്നു,' അഭിനവ് മുകുന്ദ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍